'അമേരിക്കൻ നിയമ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു': ജോണി ഡെപ്പുമായുള്ള കേസ് ഒത്തുതീർപ്പാക്കുമെന്ന് ആംബര്‍ ഹേർഡ്
സമയം വിലപ്പെട്ടതാണെന്നും തന്‍റെ സമയം ഫലപ്രദമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആംബര്‍ ഹേര്‍ഡ്
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും വര്‍ഷങ്ങളായി നിയമയുദ്ധത്തിലാണ്. ഗാര്‍ഹിക പീഡനത്തെ കുറിച്ച് ആംബര്‍ ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. കേസിൽ ഡെപ്പിന് അനുകൂലമായി വിധിവന്നു. ഈ കേസ് ഒത്തുതീർപ്പാക്കാൻ താന്‍ തീരുമാനിച്ചെന്ന് ആംബര്‍ ഹേര്‍ഡ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അറിയിച്ചു.
അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ആംബര്‍ ഹേർഡ് കുറിപ്പിൽ വ്യക്തമാക്കി. തനിക്കെതിരെ മുൻ ഭർത്താവ് നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ ഒരുപാട് ആലോചനകൾക്ക് ശേഷം തീരുമാനിച്ചു എന്നാണ് ആംബര്‍ ഹേര്‍ഡ് പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് നല്‍കണം.
സത്യം പറഞ്ഞതിലൂടെ തന്‍റെ ജീവിതം തകര്‍ന്നെന്ന് ഹേര്‍ഡ് പറഞ്ഞു. യുകെയിലെ കോടതികളുമായി അമേരിക്കയെ താരതമ്യം ചെയ്ത ആംബര്‍ ഹേര്‍ഡ് അമേരിക്കന്‍ നിയമ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് വിശദീകരിച്ചു. ജനപ്രീതിയും അധികാരവുമാണ് വിജയിച്ചത്. സമയം വിലപ്പെട്ടതാണെന്നും തന്‍റെ സമയം ഫലപ്രദമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹേര്‍ഡ് വ്യക്തമാക്കി. സത്യം പറഞ്ഞതിന് സ്ത്രീകൾക്ക് അധിക്ഷേപം നേരിടേണ്ടിവരരുത്. ഈ കേസ് തീർപ്പാക്കുന്നതിലൂടെ വിവാഹമോചനത്തിനു ശേഷമുള്ള തന്‍റെ മുറിവുണക്കാനായി സമയം ചെലവഴിക്കും. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ആംബര്‍ ഹേര്‍ഡ് വ്യക്തമാക്കി.
2018ൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ഗാർഹിക പീഡനത്തെ അതിജീവിച്ച വ്യക്തിയാണ് താനെന്ന് ആംബര്‍ ഹേര്‍ഡ് വ്യക്തമാക്കിയത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നാൽ പിന്നാലെ പല സിനിമകളില്‍ നിന്നും ഡെപ്പ് ഒഴിവാക്കപ്പെട്ടു. തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാ ജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ചാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്.