സ്‌പെയ്‌നിൽ ഒരു ഗ്രാമം വിൽപ്പനയ്ക്ക്; വില രണ്ടു കോടി!
മാഡ്രിഡിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ പോർച്ചുഗലിന്റെ അതിർത്തി പങ്കിടുന്ന ഗ്രാമത്തിലേക്ക് എത്തിച്ചേരാം
മാഡ്രിഡ്: സ്വപ്‌ന വീടുകൾ ഇഷ്ടാനുസരണം പലരും സ്വന്തമാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഒരു ഗ്രാമം സ്വപ്‌ന വിലയ്ക്ക് കിട്ടിയാലോ ? . സ്‌പെയ്‌നിൽ നിന്നാണ് ഈ വാർത്ത പുറത്തുവരുന്നത്. സാൾട്ടോ ഡെകാസ്‌ട്രോ എന്ന വടക്കുപടിഞ്ഞാറൻ സ്പാനിഷ് ഗ്രാമമാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. 2,59,000 ഡോളറാണ് ഗ്രാമത്തിന്റെ വില. അതായത് ഏകദേശം 2.1 കോടി രൂപ.
മാഡ്രിഡിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ പോർച്ചുഗലിന്റെ അതിർത്തി പങ്കിടുന്ന ഗ്രാമത്തിലേക്ക് എത്തിച്ചേരാം. 44 വീട്, ഒരു ഹോട്ടൽ, ഒരു ക്രിസ്ത്യൻ പള്ളി,സ്‌കൂൾ, നീന്തൽക്കുളം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഗ്രാമം. 30 വർഷം മുമ്പ് ഗ്രാമം ഉപേക്ഷിച്ച് പോയതാണ് ഇവിടത്തുകാർ.
നിലവിലെ ഗ്രാമത്തിന്റെ ഉടമ 2000 ന്റെ തുടക്കത്തിൽ സ്ഥലം ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് വിലയ്ക്ക് വാങ്ങിയത്. പക്ഷേ, യൂറോപ്പിലെ പ്രതിസന്ധികൾ തിരിച്ചടിച്ചു. പ്രായാധിക്യത്തെ തുടർന്ന് ഇപ്പോൾ നോക്കിനടത്താനാകാത്തതിനാലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. കുറഞ്ഞ വില പ്രഖ്യാപിച്ചതോടെ അരലക്ഷത്തിലധികം ആളുകളാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ അന്വേഷിക്കാനെത്തിയത്.
1950 കളിൽ ഡാം നിർമിക്കാനെത്തിയ തൊഴിലാളികൾക്കായി ഇബർഡുവറോ എന്ന വൈദ്യുതോത്പാദന കമ്പനിയാണ് വീടുകൾ നിർമിച്ചത്. എന്നാൽ ഡാമിന്റെ നിർമാണം പൂർത്തിയായതോടെ 1980 കളിൽ തൊഴിലാളികൾ ഗ്രാമം വിടുകയായിരുന്നു.