അൻവർ ഇബ്രാഹിം മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി
ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യന്‍ രാജാവാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചത്
ക്വലാലംപൂർ: മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിം ചുമതലയേറ്റു. ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് തീരുമാനം.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. അൻവർ ഇബ്രാഹിമിനും എതിർ സ്ഥാനാർഥി മുഹ്‌യുദ്ദീൻ യാസിനും കേവല ഭൂരിപക്ഷം നേടാനായില്ല. 222 സീറ്റുകളുള്ള അധോസഭയിൽ അൻവർ ഇബ്രാഹിമിന്റെ പകതാൻ ഹാരപ്പൻ സഖ്യം 82 സീറ്റുകളാണ് നേടിയത്. മുൻ പ്രധാനമന്ത്രി മുഹ്‌യുദ്ദീൻ യാസിന്‍റെ പെരിക്കാതൻ നാഷണൽ സഖ്യത്തിന് 73 സീറ്റുകളും ലഭിച്ചിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള 112 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
നാല് വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് പ്രധാനമന്ത്രിമാരാണ് മലേഷ്യ ഭരിച്ചത്. മുഹിയുദ്ദീൻ സർക്കാരിന്റെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടർന്നാണ് കഴിഞ്ഞ വർഷം ഇസ്മായിൽ സാബ്രി യാക്കോബ് അധികാരത്തിലെത്തിയത്. അൻവർ ഇബ്രാഹിം സ്വവർഗരതി, അഴിമതി ആരോപണങ്ങളുടെ പേരിൽ 10 വര്‍ഷത്തോളം ജയിലിൽ കിടന്നിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചതോടെ വിപണി കുതിച്ചു. റിംഗിറ്റ് കറൻസി രണ്ടാഴ്ചയ്ക്കിടെ മികച്ച നിലയിലെത്തി. ക്വാലാലംപൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇക്വിറ്റികൾ 3 ശതമാനം ഉയർന്നു.