'ഫലസ്തീനികൾക്കെതിരെ നിരന്തര ആക്രമണം'; ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ

ബാഴ്‌സലോണയുടെ ഇടതുപക്ഷ മേയർ ഏദ കൊലാവു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കത്തിലൂടെയാണ് നടപടി അറിയിച്ചത്

Update: 2023-02-11 05:08 GMT
Editor : Shaheer | By : Web Desk
Advertising

മാഡ്രിഡ്: ഫലസ്തീനികൾക്കെതിരായ വംശീയാതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് സ്പാനിഷ് നഗരമായ ബാഴ്‌സലോണ. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന ബാഴ്‌സലോണ നഗരസഭാ മേയർ ഏദ കൊലാവു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തെൽഅവീവുമായുള്ള 25 വർഷത്തെ ഇരട്ടക്കരാറിൽനിന്നടക്കം നഗരസഭ പിന്മാറി.

ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾക്കെതിരായ വ്യവസ്ഥാപിത ലംഘനങ്ങൾ തുടരുന്ന കാലത്തോളം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് കത്തിൽ കൊലാവു അറിയിച്ചു. ഇസ്രായേൽ ഭരണകൂടവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. തെൽഅവീവ് നഗരസഭാ കൗൺസിലുമായുള്ള ഇരട്ടക്കരാർ അടക്കമുള്ളവയിൽനിന്നെല്ലാം പിന്മാറുകയാണെന്നും കത്തിൽ വ്യക്തമാക്കി.

ഫലസ്തീനികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കുംവരെ ഇത് തുടരുമെന്നും മേയർ അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കുമുൻപിൽ നിശബ്ദമായിരിക്കാൻ തങ്ങൾക്കാവില്ല. അന്താരാഷ്ട്ര നിയമങ്ങളും വിവിധ യു.എൻ പ്രമേയങ്ങളും അംഗീകരിക്കാൻ ഇസ്രായേലിനു ബാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു. ഇസ്രായേൽ ബഹിഷ്‌ക്കരണം മധ്യേഷ്യയിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന ഇസ്രായേൽ-ഫലസ്തീൻ ജനതയെ ബാധിക്കില്ലെന്നും ഏദ കൊലാവു വ്യക്തമാക്കി.

ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പുശേഖരണത്തിൽ നൂറ് സംഘടനകളും 4,000ത്തിലേറെ നാട്ടുകാരും പങ്കുചേർന്നിരുന്നു. 2021 മേയിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ നയന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് നൂറിലേറെ എൻ.ജി.ഒകളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ ഗ്ലോബൽ ജസ്റ്റിസും ബാഴ്‌സ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുറവികളികൾ ശക്തമായതോടെയാണ് കൊലാവു ഭരണകൂടം ഏറെ നയതന്ത്രപ്രാധാന്യമുള്ള തീരുമാനം കൈക്കൊണ്ടത്.

തീരുമാനത്തെ ഇസ്രായേൽ അപലപിച്ചു. ഭൂരിപക്ഷം വരുന്ന ബാഴ്‌സലോണ ജനതയുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണ് നടപടിയെിന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വക്താവ് ലിയോർ ഹയാത് പ്രതികരിച്ചു. നടപടി സെമിറ്റിക്ക് വിരുദ്ധതയാണെന്ന് സ്‌പെയിനിലെ ജൂത കൂട്ടായ്മയായ ഫേഡറേഷൻ ഓഫ് സ്പാനിഷ് ജ്യൂയിഷ് കമ്മ്യൂണിറ്റീസ് വിമർശിച്ചു.

Summary: In a letter to Israeli Prime Minister Benjamin Netanyahu, the mayor of Barcelona Ada Colau, declared that the city council severed official ties with Israel, accusing the country of 'the crime of apartheid against the Palestinian people'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News