''അമേരിക്ക വഞ്ചിച്ചു, താലിബാന്‍റെ വെടിയേറ്റു അന്തസോടെ മരിക്കുന്നതാണ് ഇതിലും ഭേദം'' - യു.എസ് എംബസി ജീവനക്കാർ

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ബുധനാഴ്ച ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ ഒഴിപ്പിക്കല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതികരണം

Update: 2021-08-23 11:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

താലിബാന്‍റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പലായന ശ്രമങ്ങളുടെ വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും മുമ്പ് അമേരിക്കയ്ക്കു വേണ്ടി പ്രവർത്തിച്ചവരെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുമെന്ന പ്രചാരണവും ഭീതിയും ശക്തമാണ്. തങ്ങൾക്കു വേണ്ടി ജോലി ചെയ്തവർക്ക് അഭയം നൽകുമെന്ന് അമേരിക്ക ഉറപ്പുനൽകിയെങ്കിലും, താലിബാൻ അധികാരം പിടിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഈ ഒഴിപ്പിക്കൽ എവിടെയുമെത്തിയിട്ടില്ല. 

ഈ സാഹചര്യത്തിൽ, അഫ്ഗാനിലെ അമേരിക്കന്‍ എംബസിയിലെ അഫ്ഗാനികളായ ജീവനക്കാരും ജീവഭയത്തിലാണ്. തങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനങ്ങളിൽ തദ്ദേശീയരായ ജീവനക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും ഇതിലും ഭേദം താലിബാന്‍റെ വെടിയേറ്റ് അന്തസോടെ മരിക്കുന്നതാണെന്നും ഒരു എംബസി ജീവനക്കാരനെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ബുധനാഴ്ച ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ ഒഴിപ്പിക്കല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതികരണം. വിമാനത്താവളത്തിന്റെ അകവശത്തിന്റെ നിയന്ത്രണം യു.എസ് സൈന്യം ഏറ്റെടുത്തെങ്കിലും ഇങ്ങോട്ടെത്താനുള്ള ചെക്ക്പോയിന്റുകൾ മുഴുവൻ താലിബാന്റെ കൈവശമാണ്. ഇക്കാരണം കൊണ്ടുതന്നെ, വ്യോമമാർഗം ഒഴിപ്പിക്കുക എന്നത് എളുപ്പമല്ലെന്നാണ് സൂചന. യു.എസ് സൈന്യം പിന്മാറ്റം പൂർത്തിയാക്കുമെന്ന് കരുതുന്ന ആഗസ്റ്റ് അവസാനത്തിലും അഭയാർത്ഥികളെ പൂർണമായി ഒഴിപ്പിക്കാൻ കഴിയില്ലെന്നാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസപ് ബോറൽ പറയുന്നത്.

കടുത്ത നിരാശയിലാണ് അഫ്ഗാനിലെ യു.എസ് എംബസി ജീവനക്കാരെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തില്‍ വച്ച് തങ്ങള്‍ക്ക് ക്രൂരമായ അനുഭവമാണ് നേരിട്ടത്. വിമാനത്താവളത്തിന് സമീപമുള്ള ചെക്ക്‌പോസ്റ്റുകളിൽ താലിബാൻ തങ്ങളെ ആക്രമിക്കുകയും തുപ്പുകയും അസഭ്യംപറയുകയും ചെയ്തുവെന്നും ചിലർക്ക് തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ടുവെന്നും ജീവനക്കാർ പറഞ്ഞു. ചിലര്‍ കടുത്ത ചൂടും ക്ഷീണവും കാരണം റോഡില്‍ കുഴഞ്ഞുവീണു. പലർക്കും പരിക്കേറ്റു. എംബസിയിലെ ഉന്നതരെ നേരത്തെ തന്നെ അമേരിക്ക രക്ഷപ്പെടുത്തിയെന്നും ജീവനക്കാർ ആരോപിക്കുന്നു.

തന്‍റെ കുടുംബത്തെ താലിബാന്‍ സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് 'ടാഗ്' ചെയ്തതായി ഒരു എംബസി ജീവനക്കാരന്‍ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീട്ടിലെ താമസക്കാരെ തിരിച്ചറിയാൻ താലിബാൻ ഉപയോഗിച്ച തന്ത്രമാണിത്. തങ്ങളുടെ കുടുംബം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. എംബസിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാൻ എന്തുകൊണ്ടാണ് തയ്യാറെടുപ്പുകൾ നടത്താത്തതെന്ന കാര്യം വ്യക്തമല്ല, അതേസമയം അമേരിക്കക്കാരായ ജീവനക്കാരെ കഴിഞ്ഞ ആഴ്ച രക്ഷപ്പെടുത്തിയിരുന്നു.

വിസ നടപടികളുടെ സാങ്കേതികത്വം പറഞ്ഞാണ് അമേരിക്ക അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നത്. വിസ നടപടിക്രമങ്ങൾ പൂർത്തിയാകുംവരെ ഇവരെ ഏതെങ്കിലും അയൽ രാഷ്ട്രത്തിൽ താൽക്കാലികമായി പാർപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. മധ്യേഷ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളെ പാർപ്പിക്കുന്നതിനെതിരെ റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ രംഗത്തുവന്നിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News