വമ്പൻ തുക പിഴയടച്ചു, പക്ഷേ അക്കൗണ്ട് മാറിപ്പോയി; എക്സിന് പിണഞ്ഞത് വൻ അബദ്ധം
അഞ്ച് മില്യൺ ഡോളറിലധികം പിഴ അടയ്ക്കാൻ കമ്പനിയോട് കോടതി പറഞ്ഞതായാണ് റിപ്പോർട്ട്
റിയോ ഡി ജനീറോ: ദശലക്ഷക്കണക്കിന് ഡോളറുകൾ പിഴയടച്ചു, എന്നാൽ അക്കൗണ്ട് മാറിപ്പോയി. അബദ്ധം പറ്റിയത് ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സിനാണ്. എക്‌സിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ശരിയായ ബാങ്കിലല്ല പിഴയടച്ചതെന്ന് ബ്രസീൽ സുപ്രിംകോടതി പറഞ്ഞു. മുഴുവൻ തുകയും മറ്റൊരു അക്കൗണ്ടിലേക്കാണ് അടച്ചതെന്ന് സുപ്രിം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിൽ സേവനങ്ങൾ പുനരാരംഭിക്കാൻ കമ്പനിയെ അനുവദിക്കണമോയെന്ന കാര്യത്തിൽ കോടതി തീരുമാനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
പിഴയടച്ചു കഴിഞ്ഞാൽ, എക്‌സ് നടത്തിയ സമീപകാല അഭ്യർഥനകളെക്കുറിച്ച് ബ്രസീലിൻ്റെ പ്രോസിക്യൂട്ടർ ജനറൽ തൻ്റെ അഭിപ്രായം അറിയിക്കുമെന്നും മൊറേസ് അറിയിച്ചു. ആഗസ്ത് അവസാനമാണ് ബ്രസീലിൽ എക്‌സിന് പിഴയും വിലക്കും ഏർപ്പെടുത്തിയത്. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മസ്‌ക് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഉത്തരവ്. രാജ്യത്ത് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
നിയമപോരാട്ടത്തിനൊടുവിൽ എക്സിൻ്റെയും സ്റ്റാർലിങ്കിൻ്റെയും അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. രാജ്യത്ത് സേവനം പുനരാരംഭിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അഞ്ച് മില്യൺ ഡോളറിലധികം പിഴ അടയ്ക്കാൻ കമ്പനിയോട് കോടതി പറഞ്ഞതായാണ് റിപ്പോർട്ട്.