'ഈ അന്ത്യമില്ലാത്ത കൂട്ടക്കുരുതിക്കു മുന്നില്‍ നിശബ്ദരായി നില്‍ക്കാനാകില്ല'; ഇസ്രായേലിനെതിരെ ബ്രസീല്‍ പ്രസിഡന്റ് ലുല
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് ഹോളോകോസ്റ്റ് ആണെന്നാണ് നേരത്തെ ബ്രസീല്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്
ബ്രസീലിയ: ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ബ്രസീല്‍. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ് ഇസ്രായേല്‍ ഭരണകൂടമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചു. ഗസ്സയില്‍ അന്ത്യമില്ലാതെ തുടരുന്ന കൂട്ടക്കുരുതിക്കുമുന്നില്‍ ജനാധിപത്യ ലോകത്തെ നേതാക്കള്‍ക്കു നിശബ്ദരായി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥി താവളത്തിനുനേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയാണ് ബ്രസീല്‍ അപലപിച്ചത്. ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങളെ തുടക്കംതൊട്ടേ ബ്രസീല്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഗസ്സ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് ലുല ആവശ്യപ്പെട്ടു.
'പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനുള്ള സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്നത് തുടരുകയാണ് ഇസ്രായേല്‍ ഭരണകൂടം. ഏറ്റവുമൊടുവില്‍ നൂറുകണക്കിനു നിരപരാധികളെ കൊന്നൊടുക്കി ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബുവര്‍ഷം അംഗീകരിക്കാനാകാത്തതാണ്. കുട്ടികളും വയോധികരും സ്ത്രീകളുമെല്ലാം താമസിച്ചിരുന്ന ടെന്റുകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ 90ലേറെ പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.'-ലുല ഡ സില്‍വ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനി ജനതയെ അവരിങ്ങനെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ഭീകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നിരന്തര ആക്രമണങ്ങളില്‍ ആയിരക്കണക്കിനു മരണങ്ങളാണു സംഭവിച്ചത്. ഇതില്‍ പലരും സുരക്ഷിത മേഖലകളിലായിരുന്നു. ഈ അന്ത്യമില്ലാത്ത കൂട്ടക്കുരുതിക്കു മുന്നില്‍ ജനാധിപത്യ ലോകത്തെ നേതാക്കളായ ഞങ്ങള്‍ക്ക് നിശബ്ദരായി നില്‍ക്കാനാകില്ലെന്നും ബ്രസീല്‍ പ്രസിഡന്റ് വ്യക്തമാക്കി.
മേഖലയിലെ വെടിനിര്‍ത്തലിനും സമാധാനത്തിനും അന്താരാഷ്ട്ര അജണ്ടകളില്‍ പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഗസ്സ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുമാകണം നമ്മുടെയെല്ലാം പരിശ്രമങ്ങളെന്നും ലുല ഡ സില്‍വ കൂട്ടിച്ചേര്‍ത്തു.
എന്നും ഇസ്രായേലിന്റെ വംശഹത്യാ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ് ലുല ഡ സില്‍വ. ഗസ്സ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ അംബാസഡറെ ബ്രസീല്‍ തിരിച്ചുവിളിച്ചിരുന്നു. നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ഹിറ്റ്ലര്‍ ജൂതര്‍ക്കെതിരെ നടത്തിയ ഹോളോകോസ്റ്റുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. പരാമര്‍ശത്തില്‍ ബ്രസീല്‍ അംബാസഡറെ വിളിച്ചുവരുത്തി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ശക്തമായ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതിനുശേഷവും ഇസ്രായേല്‍ ആക്രമണത്തെ അന്താരാഷ്ട്ര വേദികളിലെല്ലാം കടന്നാക്രമിച്ചു ലുല. ബ്രസീലിനെ മാതൃകയാക്കി മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ നല്‍കിയ വംശഹത്യാ കേസിനെ ആദ്യമായി പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു ബ്രസീലും കൊളംബിയയും.
അതേസമയം, അയല്‍രാജ്യമായ അര്‍ജന്റീനയിലെ ഹാവിയര്‍ മിലേ ഭരണകൂടം തുടക്കംതൊട്ടേ ഇസ്രായേല്‍ അനുകൂല നിലപാടാണു തുടരുന്നത്. കഴിഞ്ഞ ദിവസം ഹമാസിനെ അര്‍ജന്റീന ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. സംഘത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തുകയും ചെയ്തിരുന്നു.
Summary: ''We, the political leaders of the democratic world, cannot remain silent in the face of this endless massacre'': Brazilian President Luiz Inacio Lula da Silva condemns attack killing 90 displaced Palestinians in Gaza