​ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ബ്രിട്ടൻ; ധനസഹായം ഉടൻ പുനരാരംഭിക്കും

യു.എസ് മാത്രമാണ് ധനസഹായം പുനഃസ്ഥാപിക്കാത്ത ഒരേയൊരു രാജ്യം

Update: 2024-07-19 13:35 GMT
Advertising

ലണ്ടൻ: ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് ഏജൻസിക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് യു.കെ അറിയിച്ചു. ബ്രിട്ടനിൽ പുതുതായി തെരഞ്ഞെടുത്ത ലേബർ പാർട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ.ആർ.ഡബ്ല്യു.എ എന്ന യു.എൻ ഏജൻസിക്ക് നൽകിവന്ന ധനസഹായം മുൻ കൺസർവേറ്റീവ് ഗവൺമെൻ്റാണ് നിർത്തിവെച്ചത്.

ഫണ്ടിങ് താത്കാലികമായി നിർത്തിവച്ച നടപടി തങ്ങൾ അസാധുവാക്കുകയാണ്. ഗസ്സയ്ക്ക് മാനുഷിക സഹായം നൽകുന്നതിൽ യു.എൻ ഏജൻസിക്ക് തികച്ചും നിഷ്പക്ഷ നിലപാടാണുള്ളത്. ബ്രിട്ടൻ, ഏജൻസിക്ക് 21 ദശലക്ഷം പൗണ്ട് നൽകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പാർലമെൻ്റിൽ പറഞ്ഞു. ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70​ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ദശലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സഹായം നൽകുമെന്ന് ഏജൻസി തനിക്ക് ഉറപ്പുനൽകിയതായി ലാമി കൂട്ടിച്ചേർത്തു.

ലാമിയുടെ തീരുമാനം ഗസ്സയോടുള്ള യു.കെയുടെയും യുഎസിന്റെയും വ്യത്യസ്ത നിലപാടാണ് വെളിപ്പെടുത്തുന്നത്. ഇതോടെ ധനസഹായം പുനഃസ്ഥാപിക്കാത്ത ഒരേയൊരു രാജ്യമായി യു.എസ് മാറി. കഴിഞ്ഞയാഴ്ച ലാമി ഇസ്രായേലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. അതേസമയം, കെയർ സ്റ്റാർമർ ബ്രിട്ടൻ പ്രധാനമന്ത്രിയായതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഫലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായും സംസാരിച്ചു.

'ഗസ്സയിലെ സാധാരണക്കാർ ഭൂമിയിലെ നരകത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവിടെ പോഷകാഹാരക്കുറവ് ഇപ്പോൾ വളരെ രൂക്ഷമാണ്. അതിനാൽ അമ്മമാർക്ക് തങ്ങളുടെ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ പോലും സാധിക്കുന്നില്ല. വയറിളക്ക രോ​ഗത്തിന്റെ നിരക്ക് സാധാരണയേക്കാൾ 40 മടങ്ങ് അധികമാണ്. കൂടാതെ അടുത്തിടെ പോളിയോവൈറസ് കണ്ടെത്തുകയും ചെയ്തു. ഇത്തരം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ മാനുഷിക സഹായം ഒരു ധാർമിക ആവശ്യമാണ്. യു.കെയുടെ പിന്തുണ സാധാരണക്കാരിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ഇത്തരം സഹായ ഏജൻസികളാണ്. മറ്റൊരു ഏജൻസിക്കും ആവശ്യമായ അളവിൽ സഹായം എത്തിക്കാൻ കഴിയില്ല.'- ലാമി ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ 7ന് ഇസ്രായേലിൽ ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ചില ഏജൻസി ജീവനക്കാർക്ക് പങ്കുണ്ടെന്ന് ഇസ്രായേലിൻ്റെ വ്യാജ ആരോപണമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബ്രിട്ടനും യു.എസുമടക്കം 16 രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എയ്ക്ക് ധനസ​ഹായം നൽകുന്നത് നിർത്തിവെച്ചത്. എന്നാൽ, ഏജൻസിക്കെതിരെ ഇസ്രായേൽ ഉന്നയിച്ച ആരോപണം കള്ളമാണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തി. ഏജൻസിയെ അപകീർത്തിപ്പെടുത്താൻ ഇസ്രായേൽ നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് കാതറിൻ ചൂണ്ടക്കാട്ടിയിരുന്നു.

ഇതേതുടർന്ന് ജപ്പാൻ, ജർമനി, ഇറ്റലി, ആസ്‌ത്രേലിയ, കാനഡ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും ഏജൻസിക്കുള്ള ധനസഹായം പുനരാരംഭിച്ചു. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ ധനസഹായം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഒക്ടോബറിലെ ആക്രമണത്തെക്കുറിച്ച് യു.എന്നിൻ്റെ ഇൻ്റേണൽ ഓവർസൈറ്റ് സർവീസസിൻ്റെ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്.

ഫെബ്രുവരിയിൽ, ലാമിയുടെ മുൻഗാമിയായ ഡേവിഡ് കാമറൂൺ, ഇസ്രായേലിനെ ആക്രമിക്കാൻ തയ്യാറുള്ള ജീവനക്കാരെ സംഘടന നിയമിക്കില്ലെന്ന് തനിക്ക് സമ്പൂർണ ഗ്യാരണ്ടി വേണമെന്ന് പറഞ്ഞിരുന്നു. ജൂലൈ 4ന് ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് കാമറൂണിന് പകരം ലാമിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News