ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചതുമൂലം; റിപ്പോർട്ട്
1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ലീ മരിക്കുന്നത്
ന്യൂയോർക്ക്:ഹോളിവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീ മരിക്കുന്നത്. തലച്ചോറിലുണ്ടാകുന്ന നീർ വീക്കമാണ് സെറിബ്രൽ എഡിമ. അമിതമായി വേദന സംഹാരികൾ ഉപയോഗിക്കുന്നത് മൂലമാണിത് ഇത്തരമൊരു അവസ്ഥ വന്നതെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം, ഹൈപ്പോനാട്രീമിയയാണ് തലച്ചോറിലെ നീർവീക്കത്തിന് കാരണമായതെന്നാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും.
കാരറ്റ്, ആപ്പിൾ എന്നിവയുടെ ജ്യൂസുകൾ ബ്രൂസ് ലീ അമിതമായി കുടിച്ചിരുന്നെന്ന് ലീയുടെ ഭാര്യ ലിൻഡ ലീ കാഡ്വെലും മുന്‍പ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ 'ബ്രൂസ് ലീ: എ ലൈഫ്' എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതിനെക്കുറിച്ച് എഴുത്തുകാരൻ മാത്യു പോളിയും പറയുന്നുണ്ട്.
ലീയുടെ വൃക്കകൾക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാനും സാധിച്ചില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹത്തെ കൂട്ടിയെന്നും പഠന റിപ്പോർട്ടിലുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകൾ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഗവേഷകർ പറയുന്നു. ലീയുടെ പ്രസിദ്ധമായ ഉദ്ധരണിയാണ് 'ബി വാട്ടർ മൈ ഫ്രണ്ട്'. എന്നാൽ വെള്ളം തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ബ്രൂസ് ലീ മരിച്ച് ഏകദേശം അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ കണ്ടെത്തൽ. ഗുണ്ടകൾ കൊന്നതാണെന്നും കാമുകി വിഷം കൊടുത്ത് കൊന്നതെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയർന്നിരുന്നു.