ചാരവൃത്തി ആരോപണം; 78കാരനായ യു.എസ് പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ചൈന
2021 ഏപ്രിലിൽ 78 കാരനായ ലിയുങിനെതിരെ സുഷൗ അധികൃതർ നിയമപ്രകാരം നിർബന്ധിത നടപടികൾ സ്വീകരിച്ചു
ബെയ്‍ജിംഗ്: ചാരവൃത്തി ആരോപിച്ച് 78 വയസുള്ള യു.എസ് പൗരനെ ചൈന ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അമേരിക്കൻ പാസ്‌പോർട്ടുള്ള ഹോങ്കോങ്ങിലെ സ്ഥിര താമസക്കാരനായ ജോൺ ഷിംഗ്-വാൻ ല്യൂങിനെയാണ് ശിക്ഷിച്ചതെന്ന് കിഴക്കൻ നഗരമായ സുഷൗവിലെ ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടെ പ്രസ്താവനയിൽ പറയുന്നു.
2021 ഏപ്രിലിൽ 78 കാരനായ ലിയുങിനെതിരെ സുഷൗ അധികൃതർ നിയമപ്രകാരം നിർബന്ധിത നടപടികൾ സ്വീകരിച്ചു. എന്നാല്‍ എപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ബെയ്ജിംഗിലെ യു.എസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. കോടതി പ്രസ്താവനയിൽ കുറ്റാരോപണങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.സെന്‍സിറ്റീവ് കേസുകളുടെ കാര്യത്തില്‍ ചൈനയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുക പതിവാണ്. ചൈനയിലെ വിദേശ പൗരന്മാർക്ക് ഇത്തരം കനത്ത ശിക്ഷ വിധിക്കുക അപൂര്‍വമാണ്.
ഫെബ്രുവരിയിൽ ഒരു ജാപ്പനീസ് പൗരനെ ചൈനയിൽ ചാരവൃത്തിക്ക് 12 വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിദേശികള്‍ തടവിലാക്കപ്പെട്ട സംഭവങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. 2019ൽ ചൈനയിൽ ജനിച്ച ആസ്ത്രേലിയന്‍ എഴുത്തുകാരൻ യാങ് ജുൻ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായിരുന്നു.