സാഹസികമായ സൈനിക നീക്കങ്ങൾ ചൈന ഉപേക്ഷിക്കണം;തായ്‌വാൻ
അന്താരാഷ്ട്ര തലത്തിൽ സ്വയംഭരണാധികാരമുള്ള തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു
സാഹസികമായ സൈനീക നീക്കങ്ങൾ ഉപേക്ഷിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് തായ്‌വാൻ പ്രസിഡന്റ് സായ്-ഇംഗ് വെൻ. തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈന നുഴഞ്ഞു കയറ്റം നടത്തിയിരുന്നു. ചൈനയുടെ യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തായ് വാന്റെ അഭ്യർത്ഥന. ചൈനീസ് തായ്‌വാൻ പ്രശ്‌നം ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത വിദ്വേഷത്തിനും പിരിമുറുക്കങ്ങൾക്കും കാരണമായിട്ടുണ്ട്.
തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്‌വാൻ പൂർണമായും നിരസിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സ്വയംഭരണാധികാരമുള്ള തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ ബല പ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കുമെന്ന് ചൈന നേരത്തെ അറിയിച്ചതാണ്. അതേസമയം തങ്ങൾക്കെതിരെ സൈനിക മാർഗങ്ങൾ ഉപയോഗിക്കുന്നത് ഇരുപക്ഷവും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമല്ലെന്നാണ് തായ്‌വാന്റെ വിശദീകരണം.
'നമ്മുടെ മാതൃരാജ്യത്തിന്റെ സമ്പൂർണമായ പുന:ക്രമീകരണം ചൈനയിലേയും തായ്‌വാനിലേയും ജനങ്ങളുടെ അഭിലാഷമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പുതു വർഷ പ്രസംഗത്തിൽ പറഞ്ഞു. തായ്വാനിലെ രാഷ്ട്രീയ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും മെയിൻ ലാന്റിലേക്കോ ഹോങ്കോങ്ങിലേക്കോ മക്കാവിലേക്കോ പ്രവേശനമില്ലെന്ന് ചൈന മുൻകൂട്ടി വ്യക്തമാക്കിയതാണ്. 2016 ൽ സായ് ഇൻ വെൻ അധികാരത്തിൽ വന്നതിന് ശേഷം തായ്വാൻ-ചൈനീസ് ബന്ധം വഷളായെന്നാണ് ചൈനയുടെ നിഗമനം.