അരുണാചലും അക്‌സായ് ചിനും ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടം പ്രസിദ്ധീകരിച്ച് ചൈന
ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെടുന്നു.
Update: 2023-08-29 10:24 GMT
ബെയ്ജിങ്: അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി ചൈന. പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്.
ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരാഘോഷവേളയിൽ ആയിരുന്നു ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും, ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.