വീണ്ടും പ്രകോപനം; സിക്കിം അതിര്‍ത്തിക്കടുത്ത് പോര്‍വിമാനങ്ങള്‍ വിന്യസിച്ച് ചൈന-സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്
ഇന്ത്യൻ അതിർത്തിയിൽനിന്ന് വെറും 150 കി.മീറ്റർ ദൂരത്തായി ടിബറ്റിലെ ഷിഗാറ്റ്‌സെയിലാണ് ഷെങ്ദൂ ജെ-20 പോർവിമാനങ്ങൾ സജ്ജമായിരിക്കുന്നത്
ഗ്യാങ്‌ടോക്/ബെയ്ജിങ്: ചെറിയൊരു ഇടവേളയ്ക്കുശേഷം അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. ഹിമാലയൻ പർവത നിരയിലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിനോട് ചേർന്നാണ് ചൈനയുടെ പുതിയ പടയൊരുക്കം. സിക്കിം അതിർത്തിയിൽ ചൈന പോർവിമാനങ്ങൾ വിന്യസിച്ചതായി ദേശീയ മാധ്യമമായ 'എക്‌ണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ അതിർത്തിയിൽനിന്ന് വെറും 150 കി.മീറ്റർ ദൂരത്തായി ടിബറ്റിലെ ഷിഗാറ്റ്‌സെയിലാണ് ഷെങ്ദൂ ജെ-20 പോർവിമാനങ്ങൾ സജ്ജമായിരിക്കുന്നത്. ഷിഗാറ്റ്‌സെയിലെ സിവിലിയൻ-സൈനിക വിമാനത്താവളത്തിൽ ആറ് ജെ-20 പോർവിമാനങ്ങളാണു വിന്യസിച്ചിരിക്കുന്നത്. മെയ് 27ന് എടുത്ത സാറ്റലൈറ്റ് ദൃശ്യങ്ങളിലാണ് പോർവിമാനങ്ങളും പതിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സമുദ്രനിരപ്പില്‍നിന്ന് 12,408 അടി ഉയരത്തിലാണ് ഷിഗാറ്റ്‌സെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളിലൊന്നാണിത്. പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയ്ക്കായി ചൈനയിലെ ചെങ്ദു എയറോസ്‌പേസ് കോർപറേഷൻ വികസിപ്പിച്ചതാണ് ജെ-20 പോർവിമാനങ്ങൾ. മൈറ്റി ഡ്രാഗൺ എന്നും വിളിപ്പേരുള്ള ഈ വിമാനങ്ങൾ ഏതു കാലാവസ്ഥയിലും ആക്രമണം നടത്താൻ ശേഷിയുള്ളവയാണ്.
അപായ മുന്നറിയിപ്പ് നൽകാനും കൺട്രോൾ സംവിധാനമായും പ്രവർത്തിക്കുന്ന ഷാങ്‌സി കെ.ജെ-500 വിഭാഗത്തിലെ ഒരു വിമാനവും ഒരു കൺട്രോൾ യൂനിറ്റ് വിമാനവും വിമാനത്താവളത്തിൽ നിർത്തിയിട്ടതായി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്. ഭൗമശാസ്ത്ര നിരീക്ഷണങ്ങളും ഗവേഷണങ്ങളുമായി പ്രവർത്തിക്കുന്ന ഏജൻസിയായ 'ആൾ സോഴ്‌സ് അനാലിസിസ്' ആണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്നു ലഭിച്ച വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് ഇന്ത്യൻ വ്യോമസേനയ്ക്കും വിവരം ലഭിച്ചെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൈനയുടെ ചരിത്രത്തിലെ തന്നെ അത്യാധുനികമായ പോർവിമാനമാണ് ജെ-20 ജെറ്റുകളെന്ന് ആൾസോഴ്‌സ് അനാലിസിസ് വൈസ് പ്രസിഡന്റ് റെന്നി ബാബിയാർസ് എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. സാധാരണ ചൈനയുടെ കിഴക്കൻ പ്രവിശ്യകളിലാണ് ഇവ ഉണ്ടാകാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ വിമാനം നിർത്തിയിടാറുള്ള സ്ഥാനങ്ങളിൽനിന്നു മാറിയാണ് ജെ-20 പോർവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നും റെന്നി സൂചിപ്പിച്ചു.
ചൈനയുടെ ജെ-20ക്കുള്ള എതിരാളിയായി ഫ്രഞ്ച് നിർമിത റാഫേൽ പോർവിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. നിലവിൽ എട്ട് റാഫേൽ വിമാനങ്ങൾ അമേരിക്കയിലെ അലാസ്‌കയിൽ യു.എസ് വ്യോമസേനയുമായി സംയുക്ത സൈനികാഭ്യാസം നടത്തിവരികയാണ്. ബാക്കി 16 റാഫേൽ വിമാനങ്ങൾ വിന്യസിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ഹസിമാരയിൽനിന്ന് 290 കി.മീറ്റർ മാത്രം ദൂരത്താണ് ഷിഗാറ്റ്‌സെ വിമാനത്താവളമുള്ളത്.
അതേസമയം, ഇതാദ്യമായല്ല ടിബറ്റിലും പരിസരപ്രദേശങ്ങളും ചൈന ജെ-20 വിമാനങ്ങൾ വിന്യസിക്കുന്നത്. 2020നും 2023നും ഇടയിൽ പലപ്പോഴും ടിബറ്റിനോട് ചേർന്നുള്ള ഷിൻജിയാങ് പ്രദേശങ്ങളിൽ ഈ പോർവിമാനങ്ങൾ കാണപ്പെട്ടിരുന്നു. എന്നാൽ, ഒരേ സമയത്ത് ഇന്ത്യൻ അതിർത്തിക്കു തൊട്ടരികിലായി ഇത്രയും വിമാനങ്ങൾ സജ്ജമാക്കി നിർത്തുന്നത് ഇതാദ്യമായാണെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതൊരു അസാധാരണ നീക്കമായി പ്രതിരോധ-സുരക്ഷാ വിദഗ്ധരും വിലയിരുത്തുന്നുണ്ട്.
ടിബറ്റിലും അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം അതിർത്തികളിലുമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന സൈനികശക്തിയും സംവിധാനങ്ങളും ശക്തമാക്കുന്നുണ്ട്. പലയിടത്തും ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചുകയറാനും ചൈന ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ മേഖലകളിലെ നാവികതാവങ്ങളിലെല്ലാം വൻ സൈനികസന്നാഹങ്ങൾ സജ്ജമാക്കിയിട്ടുണ്ട് ഇന്ത്യ. റഷ്യൻ നിർമിത എസ്-400 ദീർഘദൂര മിസൈൽ സംവിധാനങ്ങളിൽ അതിർത്തിപ്രദേശങ്ങളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് പോർവിമാനങ്ങളെ നിരീക്ഷിച്ചു തകർക്കാൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ.
Summary: Satellite images show China's most advanced J-20 stealth fighters deployed near Indian border in Sikkim