'ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വേണം'; ശ്മശാനത്തിലെ ജോലി തെരഞ്ഞെടുത്ത് യുവതി

ജോലി സ്ഥലത്തെ വീഡിയോകൾ 22 കാരി സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്

Update: 2022-11-24 06:17 GMT
Editor : Lissy P | By : Web Desk
Advertising

ബീജിങ്: പഠിച്ചിറങ്ങിയാൽ മികച്ചൊരു സ്ഥാപനത്തിൽ ജോലി നേടണം..പഠനം കഴിഞ്ഞിറങ്ങുന്ന ഒട്ടുമിക്ക യുവതീ-യുവാക്കളുടെ ലക്ഷ്യവും സ്വപ്‌നവും അതായിരിക്കും. എന്നാൽ ജോലി കിട്ടിയാലോ ഓഫീസിലെ ടെൻഷനും സമർദവും ജീവിതത്തിരിക്കിനും ഇടയിലൂടെയുള്ള ഓട്ടമായിരിക്കും പിന്നീടങ്ങോട്ട്. എന്നാൽ ഈ ജീവിതം തനിക്ക് വേണ്ടെന്ന് വെച്ചിരിക്കുകയാണ് ചൈനയിലെ ഒരു യുവതി. തെരഞ്ഞെടുത്തതാകട്ടെ ശ്മശാനത്തിലെ ജോലിയും. ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കിട്ടുന്ന ഒരിടത്താണ് താൻ ജോലി ചെയ്യുന്നതെന്നും യുവതി പറയുന്നു.

ടാൻ എന്നാണ് ആ 22 കാരിയുടെ പേര്. പടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ മലയോര മേഖലയിലാണ് ടാൻ ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്. ടിക്ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിലാണ് ടാൻ തന്റെ 'സമാധാനപരമായ' ജോലിസ്ഥലത്തിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കിട്ടത്. വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ എന്നാണ് ടാൻ പറഞ്ഞത്.

ഓഫീസിലെ മേലുദ്യോഗസ്ഥരുടെ ചീത്തകേൾക്കേണ്ട,സമാധാനമുണ്ട്, ധാരാളം സമയം വെറുതെയിരിക്കാം,യാത്രചെയ്യാനാകും..ഇതിനൊക്കെ പുറമെ നല്ല ശമ്പളമുണ്ട്..ടാൻ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ശ്മശാനം സൂക്ഷിപ്പുകാരി എന്നാണ് ടാൻ സ്വയം വിശേഷിപ്പിക്കുന്നത്.

ശ്മശാനത്തിൽ എന്താണ് ഈ യുവതിക്ക് ജോലി എന്താണ് എന്നാണോ ആലോചിക്കുന്നത്. ശവപ്പെട്ടികൾ വിൽക്കൽ, അതിഥികള സ്വീകരിക്കൽ, ശവക്കലറകൾ അടിച്ചുവാരി സൂക്ഷിക്കൽ തുടങ്ങിയ ജോലികളാണ് ടാനിന്.ആറ് ദിവസമാണ് പണി. രാവിലെ 8:30 മുതൽ 5 വരെയാണ് ജോലി സമയം. 45766 രൂപയാണ് ലഭിക്കുന്ന ശമ്പളം. നിരവധി പേരാണ് ടാനിന്റെ ജോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

'മുമ്പൊക്കെ ശ്മശാനത്തിലെ ജോലി ഭാഗ്യമില്ലാത്ത ജോലി എന്നാണ് പറയാറുള്ളത് ഇപ്പോഴത് ഏറ്റവും സമാധാനമുള്ള ജോലിയായിമാറി..' ഒരാൾ കമന്റ് ചെയ്തു. എന്നാൽ മരിച്ചവരുടെ ശവക്കല്ലറയെ മാത്രം നോക്കിനിന്നാൽ ബോറടിക്കില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. 'ഇതൊരു സാധാരണ ജോലി മാത്രമാണ്. ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്, ഈ ജോലിയിൽ ഉറച്ചുനിൽക്കും.' കമന്റുകൾക്ക് ടാനിന്റെ മറുപടി ഇങ്ങനെയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News