‘ക്രിസ്ത്യാനികളെ വിശുദ്ധ ഭൂമിയിൽനിന്ന് പുറത്താക്കാൻ ശ്രമം’; ഇസ്രായേൽ സർക്കാറിനെതിരെ ക്രിസ്ത്യൻ സഭകൾ

ചർച്ചുകൾക്കും സ്വത്തുക്കൾക്കും മേൽ നികുതി ചുമത്തുന്നതിൽ പ്രതിഷേധം

Update: 2024-06-30 02:13 GMT
Advertising

ജെറുസലേം: ഇസ്രായേലിലെ ചർച്ചുകൾക്കും അവയുടെ സ്വത്തുക്കൾക്കും മേൽ നികുതി ചുമത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധം. സർക്കാർ നടപടിയെ ശക്തമായി എതിർക്കുമെന്ന് സഭാകാര്യങ്ങൾക്കായുള്ള ഉന്നതാധികാര സമിതി വ്യക്തമാക്കി. നികുതി ഈടാക്കുന്നതിനെതിരെ സഭാ പുരോഹിതൻമാരും നേതാക്കളും സ്വീകരിച്ച തീരുമാനങ്ങൾക്ക് സമിതി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.

ചർച്ചുകൾക്കും അവയുടെ സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും നികുതി ചുമത്തി ക്രിസ്ത്യാനികളെ സമ്മർദ്ദത്തിലാക്കാനും അവരെ ബലപ്രയോഗത്തിലൂടെ മാറ്റാനുമുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ചർച്ചുകളുടെയും അവയുടെ സ്വത്തുക്കളുടെയും മേൽ നിയന്ത്രണം കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നു. ചില നഗരസഭകൾ ചർച്ചുകൾക്കുമേൽ കോടതികളിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ചർച്ചുകൾ, സഭക്ക് കീഴിലുള്ള സ്ഥാപനങ്ങൾ, പുരോഹിതൻമാർ എന്നിവർക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾക്കിടയിലാണ് നികുതി കൂടി ചുമത്താനുള്ള നീക്കം വരുന്നത്. ഇസ്രായേലിന്റെ ഈ ലംഘനങ്ങൾക്കെതിരെ ലോകത്തെ സഭാ നേതാക്കളും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും മനുഷ്യാവകാശ സംഘടനകളും രംഗത്തുവരണമെന്നും സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നികുതി ചുമത്തി വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യൻ സാന്നിധ്യത്തിനെതിരെ ഇസ്രാ​യേൽ അധികൃതർ ഏകോപിത ആക്രമണം നടത്തുകയാണെന്ന് പ്രധാന സഭകളുടെ നേതാക്കൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഈ നീക്കം നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ഥിഗതികളെ തകിടം മറിക്കുന്നതാണ്. ഇസ്രായേലിലെയും വെസ്റ്റ്ബാങ്കിലെയും ക്രിസ്ത്യാനികളോടുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും സഭാ നേതാക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇവർ കത്തയക്കുകയും ചെയ്തു. നികുതി അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നാല് നഗരസഭകൾ മുന്നറിയിപ്പ് നൽകിയതായി സഭാ നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ ഓർത്തഡോക്സ് എന്നീ സഭകളുടെ മേധാവികളാണ് കത്തെഴുതിയത്.

നികുതി ചുമത്താനുള്ള ശ്രമങ്ങൾ വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യൻ സാന്നിധ്യത്തിനെതിരായ ഏകോപിത ആക്രമണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായി കത്തിൽ വ്യക്തമാക്കി. ഈ സമയത്ത് ലോകം മുഴുവൻ, പ്രത്യേകിച്ച് ക്രിസ്ത്യൻ ലോകം ഇസ്രായേലിലെ സംഭവങ്ങളെ നിരന്തരം വീക്ഷിക്കുകയാണ്. ക്രിസ്ത്യൻ സാന്നിധ്യത്തെ വിശുദ്ധ ഭൂമിയിൽനിന്ന് പുറത്താക്കാനുള്ള ​ശ്രമത്തെ വീണ്ടും ചെറുക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകി.

ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയുള്ള ക്രിസ്ത്യാനികൾ ഇസ്രായേലിലും ഫലസ്തീനിലും ന്യൂനപക്ഷമാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ഇസ്രായേലിൽ 1,82,000, വെസ്റ്റ് ബാങ്കിലും ജെറുസലേമിലുമായി 50,000, ഗസ്സയിൽ 1300 എന്നിങ്ങനെയാണ് ക്രിസ്ത്യാനികളുടെ ജനസംഖ്യ.

ക്രിസ്ത്യാനികൾ വിശുദ്ധ നാടായി കണക്കാക്കുന്ന ജെറുസലേമിലെ പ്രധാന ഭൂവുടമകൾ വിവിധ സഭകളാണ്. ദീർഘകാല പാരമ്പര്യത്തിന്റെ ഭാഗമായി ഇവിടത്തെ സഭകൾ വസ്തുനികുതി അടയ്ക്കാറില്ല. തങ്ങളുടെ ഫണ്ടുകൾ രാജ്യത്തിന് ഗുണം ചെയ്യുന്ന സ്കൂൾ, ആ​ശുപത്രികൾ, പ്രായമായവർക്കുള്ള വീടുകൾ തുടങ്ങിയ സേവനങ്ങൾക്കായാണ് ചെലവഴിക്കുന്നതെന്ന് സഭകൾ പറയുന്നു.

തെൽ അവീവ്, റാംലെ, നസ്റത്ത്, ജെറുസലേം എന്നീ നഗരസഭകൾ കഴിഞ്ഞ മാസങ്ങളിൽ നികുതി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് സഭകൾ പറയുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഭകൾ ടാക്സ് ഇളവിനായി അപേക്ഷ നൽകിയിട്ടില്ലെന്നാണ് ജെറുസലേം നഗരസഭ അധികൃതരുടെ വാദം.

നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി മുമ്പും ക്രിസ്ത്യൻ സഭകൾ രംഗത്തുവന്നിരുന്നു. യേശുവിനെ കുരിശിലേറ്റിയതിന്റെയും പുനരുത്ഥാനത്തിന്റെയും സ്ഥലമായി വിശ്വസിക്കുന്ന ചർച്ച് ഓഫ് ഹോളി സെപൽചർ 2018ൽ അടച്ചിട്ട് പ്രതിഷേധിക്കുകയുണ്ടായി. വലിയ ജനരോഷം ഉയർന്നതോടെ പ്രധാനമന്ത്രി നെതന്യാഹുവിന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News