കോവിഡ്; ഇന്ത്യയിലെ സാഹചര്യം വികസ്വര രാജ്യങ്ങള്‍ക്ക് പാഠമെന്ന് ഐ.എം.എഫ്
ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യരംഗം മികച്ചതായിരുന്നെങ്കിലും ഇത്തവണ വളരെയധികം തകര്‍ന്നിരിക്കുന്നു.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണിപ്പോഴുള്ളതെന്ന് ഐ.എം.എഫ് (ഇന്‍റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). നിലവിലെ സാഹചര്യം മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് പാഠമാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 അവസാനത്തോടെ ഇന്ത്യയില്‍ ജനസംഖ്യയുടെ 35ശതമാനത്തിനുമാത്രമെ വാക്സിന്‍ നല്‍കാന്‍ കഴിയുകയുള്ളൂ. ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യരംഗം മികച്ചതായിരുന്നെങ്കിലും ഇത്തവണ വളരെയധികം തകര്‍ന്നിരിക്കുന്നു. ഓക്സിജന്‍, ആശുപത്രി കിടക്കകള്‍, വൈദ്യസഹായം തുടങ്ങിയവയുടെ അഭാവം മൂലം നിരവധി പേര്‍ മരിക്കുകയാണ്. ഇടത്തരം വരുമാനമുള്ള മറ്റ് രാജ്യങ്ങളില്‍ വരാനിരിക്കുന്ന ദുരിതങ്ങളുടെ മുന്നറിയിപ്പാണ് ഇന്ത്യയിലുള്ളതെന്നും ഐ.എം.എഫ് വ്യക്തമാക്കി.
കൂടൂതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ അതിജീവിക്കാന്‍ വന്‍ തോതിലുള്ള വാക്സിനുള്‍പ്പെടെ ഇന്ത്യ സമാഹരിക്കേണ്ടിവരും. വാക്സിന്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി 600 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 അവസാനത്തോടെ രണ്ട് ബില്യണ്‍ ഡോസുകള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
നിര്‍ണായക അസംസ്കൃത വസ്തുക്കളുടെ കുറവ് ഉള്‍പ്പെടെയുള്ള ഉത്പാദന തടസങ്ങള്‍ ഇന്ത്യ തുടരുകയാണ്. യു.എസ് പ്രതിരോധ ഉത്പാദന നിയമപ്രകാരം യഥാര്‍ത്ഥ കയറ്റുമതി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തേണ്ടതിന്‍റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.