ഒമിക്രോണ്‍ തരംഗത്തിന് ശേഷം യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന് ഡബ്ള്യൂ.എച്ച്.ഒ

മാര്‍ച്ചോടെ 60 ശതമാനം യൂറോപ്പുകാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലൂഗെ വ്യക്തമാക്കി

Update: 2022-01-24 05:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒമിക്രോണ്‍ തരംഗത്തിന് ശേഷം യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ. മാര്‍ച്ചോടെ 60 ശതമാനം യൂറോപ്പുകാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലൂഗെ വ്യക്തമാക്കി.

''ഒമിക്രോണ്‍ തരംഗം അവസാനിച്ചുകഴിഞ്ഞാല്‍ കുറച്ചു ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്സിന് നന്ദി പറയേണ്ടിവരും. അല്ലെങ്കില്‍ രോഗബാധ മൂലം ആളുകള്‍ക്ക് പ്രതിരോധ ശേഷി കൈവരും. ഈ വർഷാവസാനത്തോടെ കോവിഡ് തിരികെ വരുന്നതിന് മുമ്പ് ശാന്തമായ ഒരു കാലഘട്ടം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷെ മഹാമാരി തിരികെ വരണമെന്നില്ല'' ക്ലൂഗെ പറഞ്ഞു. ഈ വൈറസ് ഒന്നിലധികം തവണ (ഞങ്ങളെ) ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അതിനാൽ വളരെ ജാഗ്രത പാലിക്കണം. ഒമിക്രോൺ വ്യാപകമായി പ്രചരിക്കുന്നതിനാൽ മറ്റ് വകഭേദങ്ങൾ ഇനിയും ഉയർന്നുവരാമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ ആന്‍റണി ഫൗസിയും സമാനമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ''യു.എസിന്‍റെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നതിനാൽ, ഉടൻ തന്നെ രാജ്യത്തുടനീളം ഒരു വഴിത്തിരിവ് ഉണ്ടായേക്കാം''എബിസി ന്യൂസ് ടോക്ക് ഷോയിൽ ഫൗസി പറഞ്ഞു. ഒമിക്രോണ്‍ ആധിപത്യം പുലർത്തിയ നാലാമത്തെ തരംഗത്തിന് ശേഷം ആദ്യമായി ഈ മേഖലയിൽ മരണങ്ങൾ കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ മേഖലാ ഓഫീസും അറിയിച്ചു.

യൂറോപ്യൻ യൂണിയൻ ഹെൽത്ത് ഏജൻസിയായ ഇസി.ഡി.സി പ്രകാരം, ഒമിക്രോണ്‍ ഇപ്പോൾ യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA, അല്ലെങ്കിൽ നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ) എന്നിവയിലെ പ്രബലമായ വകഭേദമാണ്. ജനുവരി 18 വരെ, 53 രാജ്യങ്ങൾ ഉൾപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയിൽ 15 ശതമാനം കേസുകളിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഒരാഴ്ച മുമ്പ് മേഖലയിലെ 6.3 ശതമാനം കേസുകളിലും ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News