ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം
അവിശ്വസ പ്രമേയത്തിന് മറ്റു പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണ തേടുകയാണ് മുഖ്യ പ്രതിപക്ഷ പാർട്ടി
കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം. സർക്കാരിനെ താഴെയിറക്കാനുള്ള അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം ഒപ്പുവെച്ചു. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി) അൻപതോളം അംഗങ്ങളാണ് പ്രമേയത്തിൽ ഒപ്പുവെച്ചത്.
സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്ന പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഇംപീച്ച് ചെയ്യാൻ തയ്യാറാവുമെന്നും പ്രതിപക്ഷം വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. അവിശ്വസ പ്രമേയത്തിന് മറ്റു പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണ തേടുകയാണ് എസ്.ജെ.ബി. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 40 അംഗങ്ങളാണ് ഇനിയും ഒപ്പിടേണ്ടത്.
സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ ഒപ്പിടുകയാണെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ട്വിറ്ററിലൂടെ അറിയിച്ചു.
എക്സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനും ജുഡീഷ്യറിക്കും ഇടയിൽ അധികാരം വിഭജിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് എക്സിക്യൂട്ടീവ് പ്രസിഡൻസി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം പ്രസിഡന്റ് ഗോതബയ രാജപക്സെ എകീകൃത സർക്കാർ രൂപീകരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശത്തെ പൂർണമായും തള്ളുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. രാജ്യത്തെയോർത്ത് പ്രതിഷേധിക്കാതിരിക്കൂയെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടും ശ്രീലങ്കൻ സർക്കാരിനെതിരെ കൊളംബോയിൽ പ്രതിഷേധം ശക്തമാവുകയാണ്.