കഴുത്തിൽ ടയറുമായി ആറ് വർഷം; ഭീമൻ മുതലയെ മോചിപ്പിച്ച് മൃഗസ്‌നേഹി- വീഡിയോ
വലിപ്പംവെക്കുന്നതിനനുസരിച്ച് ടയർ കൂടുതൽ മുറുകി, ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന അവസ്ഥയിലായിരുന്നു മുതല
ആറ് വർഷക്കാലം കഴുത്തിൽ കുരുങ്ങിയ ടയറുമായി ബുദ്ധിമുട്ടിയ ഭീമന്‍ മുതലയെ മോചിപ്പിച്ച് മൃഗസ്നേഹി. ഇന്തോനേഷ്യയിലെ പാലു നദിയില്‍ കഴിയുന്ന മുതലയാണ് വര്‍ഷങ്ങളായുള്ള ദുരവസ്ഥയില്‍ നിന്ന് മോചിതനായത്. സുലാവസി നിവാസിയായ ടിലി എന്ന 35കാരനാണ് സ്വന്തം ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
ടയർ കഴുത്തില്‍ കുരുങ്ങിയ നിലയിൽ മുതലയെ കണ്ടെത്തിയത് 2016ലാണ്. രക്ഷപ്പെടുത്താന്‍ അധികൃതരും പ്രാദേശിക മൃഗസംരക്ഷകരും പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. മുതലയ്ക്ക് വലിപ്പംവെക്കുന്നതിനനുസരിച്ച് ടയര്‍ കൂടുതല്‍ മുറുകിത്തുടങ്ങി. മുതലയെ രക്ഷിക്കുന്നവർക്ക് അധികൃതർ കനത്ത പ്രതിഫലം വരെ വാഗ്ദാനം ചെയ്തിരുന്നു.
2020ല്‍ നാഷണൽ ജ്യോഗ്രഫിക് ടെലിവിഷൻ അവതാരകനായ മാറ്റ് റൈറ്റും മുതലയെ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാൽ മുതലയെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പാഴായതിനാല്‍ ഇതിന് സാധിച്ചിരുന്നില്ല. ബുവായ കലുങ് ബാൻ അഥവാ ടയർ കഴുത്തിൽ കുരുങ്ങിയ മുതല എന്നാണ് പ്രദേശവാസികൾക്കിടയിൽ ഈ മുതല അറിയപ്പെട്ടിരുന്നത്. 2018ൽ പാലുവിലുണ്ടായ ഭൂമികുലുക്കവും സുനാമിയും മുതല അതിജീവിച്ചിരുന്നു.
മൂന്നാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ടിലി, മുതലയെ പിടിച്ച് അതിന്റെ കഴുത്തിൽ കിടന്ന ടയർ ഊരിമാറ്റിയത്. 13 അടി നീളമുള്ള ഭീമന്‍ മുതല ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന അവസ്ഥയിലായിരുന്നു. ഇനിയും വൈകിയാൽ മുതലയുടെ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു. മുതലയായാലും പാമ്പായാലും കഷ്ടപ്പെടുന്നത് കാണാന്‍ വയ്യെന്നും ടിലിയെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ജീവനുള്ള കോഴികളെ ഇരവെച്ചാണ് ടിലി മുതലയെ വലയില്‍ കുരുക്കിയത്. കഴുത്തിൽ കുടുങ്ങിയ ടയർ മുറിച്ചുമാറ്റിയതിനു പിന്നാലെ മുതലയെ നദിയിലേക്ക് തന്നെ സ്വതന്ത്രമാക്കുകയും ചെയ്തു.