കുളത്തിൽ മീൻ പിടിക്കാൻ പോയ 65കാരനെ മുതലകൾ തിന്നു
ലേക്ഫീൽഡ് നാഷണൽ പാർക്കിനുള്ളിലെ കുളത്തിലാണ് സംഘം മീൻപിടിക്കാൻ പോയത്.
സിഡ്നി: കുളത്തിൽ മീൻ പിടിക്കാൻ പോയ വയോധികനെ മുതലകൾ തിന്നു. ഓസ്‌ട്രേലിയയിലെ വടക്കൻ ക്വീൻസ്‌ലാന്റിലാണ് സംഭവം. മീൻ പിടിക്കുന്നതിനിടെ കാണാതായ ആളുടെ അവശിഷ്ടങ്ങൾ രണ്ട് മുതലകളുടെ വായിൽ കണ്ടതായി പൊലീസ് അറിയിച്ചു. ലേക്ഫീൽഡ് നാഷണൽ പാർക്കിനുള്ളിലെ കുളത്തിലാണ് സംഘം മീൻപിടിക്കാൻ പോയത്.
കെവിൻ ഡാർമോഡി എന്ന 65കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പബ് മാനേജരടക്കമുള്ള സംഘമാളുകൾക്കൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു കെവിൻ. മത്സ്യബന്ധനം ആരംഭിക്കുന്നതിനായി സംഘം ഒരു മുതലയെ ഓടിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന് മീൻപിടിത്തം ആരംഭിച്ചു.
'ഇതിനിടെ, കെവിനെ മുതല പിടിക്കുകയായിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ശബ്ദം സംഘം കേട്ടു. ശക്തിയായി വെള്ളം തെറിക്കുന്നതും കണ്ടു'- കെയിൻസ് പൊലീസ് ഇൻസ്പെക്ടർ മാർക്ക് ഹെൻഡേഴ്സൺ പറഞ്ഞു.
ഇതോടെ, വെള്ളത്തിന് മുകളിൽ കണ്ട മുതലകളെ റേഞ്ചർമാർ വെടിവച്ചു. മുതലകളിലൊന്നിന് ഏകദേശം 14 അടിയും മറ്റൊന്നിന് ഒമ്പത് അടിയും നീളമുണ്ടായിരുന്നു.
പരിശോധനയിൽ രണ്ട് മുതലകളുടെ വായിലും കാണാതായ വയോധികന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദാരുണമായ അന്ത്യം എന്നാണ് ഇതിനെ പൊലീസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. വടക്കൻ ക്വീൻസ്‌ലാന്റിലെ ലോറ സ്വദേശിയാണ് കൊല്ലപ്പെട്ട 65കാരൻ.
സംഭവത്തിനു പിന്നാലെ ജാഗ്രത പാലിക്കണമെന്ന് ക്യൂൻസ്‌ലാൻഡ് സ്റ്റേറ്റ് വൈൽഡ് ലൈഫ് ഓഫീസർ മൈക്കൽ ജോയ്‌സ് ജനങ്ങളോട് അഭ്യർഥിച്ചു.
'ഇത് നിരവധി മുതലകളുള്ളൊരു രാജ്യമാണ്. നിങ്ങൾ വെള്ളത്തിലാണെങ്കിൽ, പ്രത്യേകിച്ചും മുതലകളുടെ സംരക്ഷണത്തിനായി പ്രത്യേകം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ലേക്ഫീൽഡിൽ ആണെങ്കിൽ അവയെ പ്രതീക്ഷിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.