ഖുർആൻ കത്തിച്ചാൽ രണ്ടു വർഷം തടവ്; നിയമം പാസാക്കി ഡെന്മാർക്ക്

ഖുർആൻ കത്തിക്കൽ പ്രതിഷേധം മുസ്‌ലിം രാജ്യങ്ങളുമായുള്ള ഡെന്മാര്‍ക്കിന്‍റെ ബന്ധത്തെ ബാധിച്ചിരുന്നു

Update: 2023-12-09 06:53 GMT
Editor : abs | By : Web Desk
Advertising

കോപ്പൻഹേഗൻ: ഖുർആൻ, തോറ, ബൈബിൾ എന്നീ വേദഗ്രന്ഥങ്ങൾ പരസ്യമായി കത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഡെന്മാർക്ക്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പാർലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ.

'വിശുദ്ധ ഗ്രന്ഥങ്ങൾ പൊതുവിടത്തിലോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തിലോ മോശമായ രീതിയിൽ കൈകാര്യം ചെയ്താൽ, കത്തിക്കുയോ കളങ്കപ്പെടുത്തുകയോ കീറുകയോ ചെയ്താൽ' ക്രിമിനൽ കുറ്റമാണ് എന്നാണ് നിയമം പറയുന്നത്. ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു എന്ന് നിയമകാര്യ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് പ്രതികരിച്ചു.

ത്രികക്ഷി സഖ്യം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ ജനഹിത പരിശോധന വേണമെന്നാണ് ഇടത് - വലതു കക്ഷികൾ ആവശ്യപ്പെട്ടത്. നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ബിൽ 77നെതിരെ 94 വോട്ടിന് പാസായി. രാജ്യത്തുടനീളമുണ്ടായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ മുസ്‌ലിം രാജ്യങ്ങളുമായി ഡെന്മാർക്കിന്റെ നയതന്ത്ര ബന്ധം മോശമായിരുന്നു. ഇത് സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽവച്ചുള്ളതാണ് നിയമം.

'ഡെന്മാർക്കിനെ പ്രകോപിപ്പിക്കുന്നു എന്നതു കൊണ്ട് ഇറാൻ അവരുടെ നിയമം മാറ്റുമോ? പാകിസ്താൻ ചെയ്യുമോ? സൗദി അറേബ്യ ചെയ്യുമോ? ഇല്ല എന്നാണ് ഉത്തരം' - ബിൽ ചർച്ചയിൽ സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധി കരിന ലോറൻസൺ പറഞ്ഞു. 'ഒരു നല്ല കാരണം കൊണ്ട് ചരിത്രം നമ്മെ വിലയിരുത്തും' എന്നാണ് ബില്ലിനെ എതിർത്തു സംസാരിച്ച വലതുപക്ഷ കക്ഷിയായ ഡെന്മാർക്ക് ഡെമോക്രാറ്റിക് നേതാവ് ഇൻഗർ സ്‌റ്റോജ്ബർഗ് പറഞ്ഞത്.

നിയമം പ്രാബല്യത്തിലാകണമെങ്കിൽ മാർഗരത് രാജ്ഞിയുടെ ഒപ്പുകൂടി ആവശ്യമാണ്. ഈ മാസം തന്നെ അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂലൈ മുതൽ നവംബർ വരെ അഞ്ഞൂറിലധികം ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങളാണ് ഡെന്മാർക്കിൽ റിപ്പോർട്ട് ചെയ്തത്. മസ്ജിദുകൾ, മുസ്‌ലിം രാഷ്ട്രങ്ങളുടെ എംബസികൾ, കുടിയേറ്റക്കാർ താമസിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രതിഷേധങ്ങൾ മിക്കതും. വിഷയത്തിൽ തുർക്കി ഡാനിഷ് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു.

Summary: Denmark's parliament has banned the inappropriate treatment of religious texts - with a bill widely known in the country as the Quran law

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News