ഇനി എന്താണ് അവശേഷിക്കുന്നത്? റഫയിലേക്ക് കാൽനടയായി പലായനം ചെയ്‌ത് ഫലസ്‌തീനികൾ
സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. ശുചിത്വത്തിന്റെ അഭാവം മൂലം ഗസ്സയിൽ രോഗസാധ്യത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
എന്താണ് ഗസ്സയിലിനി അവശേഷിക്കുന്നത്? റഫയിലേക്ക് കാൽനടയായി പലായനം ചെയ്യവേ ഫലസ്തീൻ ജനതയുടെ ചോദ്യം ഇങ്ങനെ. ഗസ്സയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കനത്ത ഇസ്രായേൽ ആക്രമണം തുടരുകയാണ്. പാർപ്പിടങ്ങളെല്ലാം തകർന്നുകഴിഞ്ഞു. ഭക്ഷണമോ വെള്ളമോ ഇല്ല. പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമങ്ങൾക്കൊടുവിൽ ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുകയാണ് ഫലസ്തീൻ ജനത.
സ്വന്തം മണ്ണുവിട്ട പലരും കാൽനടയായി തന്നെയാണ് റഫയിലേക്ക് പോകുന്നത്. കയ്യിൽ ആവശ്യസാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മാത്രം കരുതി. വെള്ളക്കൊടിയുമേന്തി കുഞ്ഞുങ്ങൾ അവരെ അനുഗമിക്കുന്നു.
“ഗസ്സയിൽ എന്താണ് അവശേഷിക്കുന്നത്? ലോകം എവിടെയാണ്? ഈ ദുരിതം എത്രനാൾ നീണ്ടുനിൽക്കും? ഞങ്ങളുടെ കുട്ടികൾ വെള്ളത്തിനായി വരിനിൽക്കുന്നത് ലോകം കാണട്ടെ. ഖാൻ യൂനിസിൽ നിന്ന് റഫയിലേക്ക് പലായനം ചെയ്തു ഞങ്ങൾ. ഇനി എവിടെ പോകണമെന്ന് ഞങ്ങൾക്കറിയില്ല. തെരുവിലാണ് ഞങ്ങൾ ഉറങ്ങുന്നത്": പലായനം ചെയ്യുന്ന അലി റെയ്ഹാൻ അൽ ജസീറയോട് പറഞ്ഞു.
ഗസ്സ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിലൊന്നായി ഗസ്സ മാറിക്കഴിഞ്ഞുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. ശുചിത്വത്തിന്റെ അഭാവം മൂലം ഗസ്സയിൽ രോഗസാധ്യത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഗുരുതരമായ പരിക്കുകളോടെയാണ് പലരും പലായനം ചെയ്യുന്നത്. "റഫയിലേക്ക് പോകവേ എന്റെ പരിക്ക് കാരണം ഞാൻ ബോധരഹിതനായി. തുടർന്ന് എന്നെ അൽ അഖ്‌സയിലെ ആശുപത്രിയിലേക്ക് മാറ്റി. എനിക്ക് ഹെപ്പറ്റൈറ്റിസ് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. എന്റെ കുടുംബത്തെയും രോഗം ബാധിക്കുമോ എന്നെനിക്ക് ഭയമുണ്ട്.": അബ്ദുൽ ഹമീദ് ഖദ്ദോഹയുടെ ആശങ്ക ഇങ്ങനെ.
അബ്ദുൽ ഹമീദിനെ പോലെ നിരവധിയാളുകളാണ് ദുരിതം പേറി പലായനം ചെയ്യുന്നത്. ഗുരുതരമായ പരിക്കുകൾക്കൊപ്പം പകർച്ചവ്യാധി ഭീതിയും ആശങ്ക ഇരട്ടിയാക്കുന്നു. കുഞ്ഞുങ്ങളുടെ കാര്യം വിവരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്.
അതേസമയം, തെക്കൻ ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഖാൻ യൂനിസിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയർന്നു. ഉന്നത ഓഫീസർമാർ ഉൾപ്പെടെ ഇന്നലെ മാത്രം 7 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ദോഹയിൽ ചേർന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു.
പതിനായിരങ്ങൾ പലായനംചെയ്യുന്ന റിപ്പോർട്ടുകൾക്കിടയിലും ഖാൻ യൂനുസ് ഉൾപ്പെടെ തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം. ജബാലിയ, ശുജാഇയ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഹമാസുമായി നേർക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
സിവിലിയൻ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും വ്യാപകമാണ്. മധ്യ ഗസ്സയിലെ നുസൈറാത്ത്അഭയാർഥി ക്യാമ്പിനുനേരെ നടന്ന ആക്രമണങ്ങളിൽ ചുരുങ്ങിയത് 50 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രി, ജബലിയ അഭയാർഥി ക്യാമ്പ്എന്നിവിടങ്ങളിലും നിരവധിപേർ കൊല്ലപ്പെട്ടു. യു.എൻ സ്കൂളിനുനേരെയും ആക്രമണം നടന്നു.