എക്‌സിലെ വ്യാജവാർത്തകൾ നീക്കം ചെയ്യണമെന്ന് ബ്രസീൽ സുപ്രിംകോടതി; സേവനം അവസാനിപ്പിക്കുന്നതായി ഇലോൺ മസ്‌ക്

ബ്രസീലിലെ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഭീഷണിപ്പെടുത്തിയതായും മസ്‌ക്

Update: 2024-08-19 08:54 GMT
Editor : Lissy P | By : Web Desk
Advertising

മെക്‌സികോ സിറ്റി: ബ്രസീലിൽ സാമൂഹ്യമാധ്യമമായ എക്‌സിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഉടമ ഇലോൺ മസ്‌ക്. എക്‌സിലെ വ്യാജവാർത്തകളടക്കമുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ബ്രസീൽ സുപ്രിംകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് മസ്‌കിന്റെ തീരുമാനം.

ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ബ്രസീലിലെ തങ്ങളുടെ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന്  സുപ്രിംകോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസ് ഭീഷണിപ്പെടുത്തിയതായും മസ്‌ക് ആരോപിച്ചു.ബ്രസീൽ ഉപയോക്താക്കൾക്ക് എക്‌സിന്റെ സേവനം തുടർന്നും ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. എന്നാൽ ബ്രസീലിലെ എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചെന്നും കമ്പനി വ്യക്തമാക്കി.

തീവ്ര വലതുപക്ഷനേതാവും ബ്രസീൽ മുൻ പ്രസിഡന്റുമായ ജെർ ബോൾസോനാരോയുടെ ഭരണകാലത്ത് വ്യാജ വാർത്തകളും വിദ്വേഷ ഉള്ളടക്കങ്ങളും എക്‌സിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാൽ കോടതിയുടെ ഉത്തരവ് തള്ളിക്കളഞ്ഞ മസ്‌ക് അക്കൗണ്ടുകൾ സജീവമാക്കുകയാണ് ചെയ്‌തെന്നാണ് റിപ്പോർട്ട്. തുടർന്ന് ഈ വർഷം ആദ്യം മസ്‌കിനെതിരെ അലക്സാണ്ടർ മൊറേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.അലക്സാണ്ടർ മൊറേസിന്റെ തീരുമാനങ്ങൾ ഭരണഘടനാവിരുദ്ധമെന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചത്. രഹസ്യ സെൻസർഷിപ്പും, സ്വകാര്യ വിവരങ്ങൾ കൈമാറൽ തുടങ്ങിയ കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും മസ്‌ക് എക്‌സിൽ വ്യക്തമാക്കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News