ആസ്‌ട്രിയന്‍ പാർലമെന്‍റില്‍ സെലൻസ്‌കി; പ്രസംഗത്തിനിടെ വാക്കൗട്ട് നടത്തി തീവ്ര വലതുപക്ഷ എം.പിമാർ

കുഴിബോംബുകൾ നിർവീര്യമാക്കാനടക്കം ആസ്ട്രിയ നൽകിയ സഹായങ്ങൾക്ക് സെലൻസ്‌കി പ്രസംഗത്തിൽ നന്ദിപറഞ്ഞു

Update: 2023-03-30 13:38 GMT
Editor : Shaheer | By : Web Desk
Advertising

വിയന്ന: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് ആസ്ട്രിയയിലെ തീവ്ര വലതുപക്ഷ എം.പിമാർ. ഇന്ന് ആസ്ട്രിയൻ പാർലമെന്റിൽ നടന്ന സെലൻസ്‌കിയുടെ പ്രസംഗത്തിനിടെയാണ് റഷ്യൻ അനുകൂല വലതുപക്ഷ കക്ഷിയായ ഫ്രീഡം പാർട്ടിയുടെ അംഗങ്ങൾ ഇറങ്ങിപ്പോയത്. രാജ്യത്തിന്റെ നിഷ്പക്ഷ നയം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വിഡിയോ കോൺഫറൻസ് വഴിയാണ് സെലൻസ്‌കി ആസ്ട്രിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തത്. കുഴിബോംബുകൾ നിർവീര്യമാക്കാനടക്കം ആസ്ട്രിയ നൽകിയ സഹായങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദിപറഞ്ഞു. പ്രസംഗത്തിന്റെ തുടക്കത്തിൽ സഭയിലുണ്ടായിരുന്ന ഫ്രീഡം പാർട്ടി അംഗങ്ങൾ പ്രതിഷേധമുയർത്തി പുറത്തുപോകുകയായിരുന്നു. സെലൻസ്‌കിയെ ക്ഷണിച്ചതിനെതിരെ പ്രസംഗത്തിനിടയിൽ പ്രതിഷേധമുണ്ടാകുമെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്റെ നിഷ്പക്ഷത കാരണമാണ് യുദ്ധത്തിനിടയിലെ സൈനിക നടപടിയുടെ ഭാഗമാകാതിരുന്നതെന്ന് ആസ്ട്രിയൻ ഭരണകൂടം വ്യക്തമാക്കി. യുക്രൈനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റഷ്യൻ അധിനിവേശത്തിനിടെ അവർക്ക് ആയുധം നൽകിയിട്ടില്ലെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.

ആസ്ട്രിയൻ പാർലമെന്റിൽ അഞ്ച് പാർട്ടികൾക്കാണ് അംഗങ്ങളുള്ളത്. ഇതിൽ മൂന്നാമത്തെ വലിയ കക്ഷിയാണ് ഫ്രീഡം പാർട്ടി. അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ഭരണകക്ഷിയായ ചാൻസലർ കാൾ നെഹമ്മറഇന്റെ കൺസർവേറ്റിവുകളെയും പ്രതിപക്ഷത്തെ സോഷ്യൽ ഡെമോക്രാറ്റുകളെയും പിന്തള്ളി മുന്നിലുണ്ട് ഇവർ.

Summary: MPs of the pro-Russia, far-right Freedom Party walked out of the Austria's parliament during a speech by Ukrainian President Volodymyr Zelensky

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News