ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയും ഭര്‍ത്താവും വേര്‍പിരിയുന്നു
മുപ്പത്തിയാറുകാരിയായ സന്ന മാരിൻ ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളാണ്
ഹെൽസിങ്കി: ഫിൻലാൻഡിന്‍റെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി സന്ന മാരിനും ഭര്‍ത്താവ് മാർക്കസ് റൈക്കോണനും വേര്‍പിരിയുന്നു. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിയുകയാണെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ അറിയിച്ചു.
''ഒരുമിച്ചുണ്ടായിരുന്ന 19 വര്‍ഷങ്ങള്‍ക്ക് നന്ദി. ഞങ്ങളുടെ പ്രിയപ്പെട്ട മകളും. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും," സന്നയും മാര്‍ക്കസും വ്യത്യസ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ കുറിച്ചു. 2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. അഞ്ചു വയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. “ഞങ്ങൾ ഞങ്ങളുടെ യൗവനത്തിൽ ഒരുമിച്ച് ജീവിച്ചു, പ്രായപൂർത്തിയായപ്പോൾ ഒരുമിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട മകൾക്ക് മാതാപിതാക്കളായി വളർന്നു'' എന്നായിരുന്നു 2020 ആഗസ്തിലെ വിവാഹത്തിനു ശേഷം സന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മുപ്പത്തിയേഴുകാരിയായ സന്ന മാരിൻ ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളാണ്.2019ലാണ് സന്ന മാരിൻ ഫിന്നിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആന്റി റിന്നെ രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഗതാഗത മന്ത്രിയായിരുന്ന മാരിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.