വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല; എയര്‍ലൈന്‍‌സ് അന്വേഷണം ആരംഭിച്ചു

പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്‍റെ തല കണ്ടെത്തിയത്

Update: 2022-08-30 09:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

അങ്കാര: തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പറന്ന സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് വൺ മൈൽ അറ്റ് എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു.



പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 'തികച്ചും അപ്രതീക്ഷിതം' എന്നാണ് സൺഎക്‌സ്‌പ്രസിന്‍റെ പ്രതിനിധി ടർക്കിഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംശയാസ്പദമായ ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാർ എയർലൈൻ താൽക്കാലികമായി നിർത്തിയതായും അന്വേഷണം ആരംഭിച്ചതായും പ്രതിനിധി കൂട്ടിച്ചേർത്തു. ''എയര്‍ലൈന്‍ രംഗത്ത് 30 വർഷത്തിലധികം അനുഭവപരിചയമുള്ളതിനാൽ ഞങ്ങളുടെ വിമാനത്തിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികൾക്കും ജീവനക്കാർക്കും സുഖകരവും സുരക്ഷിതവുമായ ഫ്ലൈറ്റ് അനുഭവം ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണന'' സൺഎക്‌സ്‌പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിനുള്ളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ സ്വീകാര്യമല്ലെന്നും ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു പ്രശ്‌നം തങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്ന് ഭക്ഷണ വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി സാന്‍കാക്ക് അറിയിച്ചു. ''തങ്ങളുടെ ഭക്ഷണം 280 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യുന്നതിനാൽ അധികം വേവാത്ത പാമ്പിന്‍റെ തല പിന്നീട് ചേര്‍ത്തതായിരിക്കാമെന്ന്'' സാന്‍കാക്ക് വ്യക്തമാക്കി.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News