മുൻ പ്രസിഡന്റ് ഹൂ ജിന്റാവോയെ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി; ചൈനീസ് പാർട്ടി കോൺഗ്രസിൽ നാടകീയ രംഗങ്ങൾ

ഒരു പതിറ്റാണ്ടുമുൻപാണ് ഹൂ ജിന്റാവോയിൽനിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാജ്യത്തിന്റെയും അധികാരം ഷി ജിൻപിങ് ഏറ്റെടുക്കുന്നത്

Update: 2022-10-22 12:55 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്ജിങ്: മാവോ സേതൂങ്ങിനുശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ നാടകീയരംഗങ്ങൾ. പാർട്ടി കോൺഗ്രസിന്റെ സമാപന ചടങ്ങിൽനിന്ന് മുൻ പ്രസിഡന്റ് ഹൂ ജിന്റാവോയെ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്.

ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹോൾ ഓഫ് ദി പീപ്പിളിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വേദിയിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനും പ്രധാനമന്ത്രി ലി കെഗിയാങ്ങിനും തൊട്ടടുത്താണ് 79കാരനായ ഹൂ ജിന്റാവോ ഇരുന്നിരുന്നത്. ഇതിനിടയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹത്തെ എഴുന്നേൽപിക്കാൻ ശ്രമിച്ചത്.

ബലംപ്രയോഗിച്ച് പിടിച്ച് എഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് അനങ്ങിയില്ല. ഇതിനിടെ ടേബിളിൽ ഷി ജിൻപിങ്ങിനുമുൻപിലുണ്ടായിരുന്ന പേപ്പർ എടുക്കാൻ ജിന്റാവോ ശ്രമിച്ചു. എന്നാൽ, ഷി ഇത് പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്നാണ് ഒരാൾകൂടി വന്ന് അദ്ദേഹത്തെ എന്തൊക്കെ കാണിച്ച് വേദിയിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയത്. ഒടുവിൽ, ഷിയുടെയും ലി കെഗിയാങ്ങിന്റെയും തോളിൽ തട്ടിയാണ് അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോയത്.

അടച്ചിട്ട വേദിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടന്നത്. എന്നാൽ, പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും അൽപനേരം മാധ്യമപ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. ഈ സമയത്താണ് നാടകീയസംഭവങ്ങൾ നടന്നത്.

ഏകാധിപത്യമുറപ്പിച്ച് ഷി ജിന്‍പിങ്

2,300 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. പാർട്ടി ജനറൽ സെക്രട്ടറിയായി അഞ്ചു വർഷക്കാലത്തേക്കുകൂടി ഷിയെ ഐക്യകണ്‌ഠ്യെന തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ചൈനീസ് പ്രസിഡന്റായും ഷിക്ക് തുടർച്ച ലഭിക്കും. അടുത്ത മാർച്ചിൽ നടക്കുന്ന സർക്കാരിന്റെ വാർഷിക സെഷനിലായിരിക്കും പ്രഖ്യാപനമുണ്ടാകുക.

2003 മുതൽ 2013 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തലവനും ചൈനീസ് പ്രസിഡന്റുമായിരുന്നു ഹൂ ജിന്റാവോ. ഒരു പതിറ്റാണ്ടുമുൻപാണ് ഹൂ ജിന്റാവോയിൽനിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം ഷി ജിൻപിങ് ഏറ്റെടുക്കുന്നത്. പിന്നാലെ ചൈനീസ് ഭരണാധികാരിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ ഭരണഘടന തിരുത്തി ഷി ആജീവനാന്തം അധികാരത്തിൽ തുടരാനുള്ള നിയമനിർമാണങ്ങൾ നടത്തുകയും ചെയ്തു.

Summary: Former Chinese president Hu Jintao was unexpectedly led out of closing ceremony of the Communist Party Congress in a dramatic moment

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News