ബാലപീഡന പരമ്പര: ഭൂസ്വത്തുക്കൾ വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഫ്രഞ്ച് കത്തോലിക്കാ സഭ

1950നും 2020നും ഇടയിൽ ലക്ഷക്കണക്കിനു കുട്ടികൾ സഭയ്ക്കകത്ത് ലൈംഗിക ചൂഷണത്തിനും പീഡനത്തിനുമിരയായതായി സ്വതന്ത്ര കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Update: 2021-11-08 16:41 GMT
Editor : Shaheer | By : Web Desk
Advertising

ബാലപീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ഫ്രഞ്ച് കത്തോലിക്കാ സഭ. സഭയുടെ ഭൂസ്വത്തുക്കൾ തന്നെ വിറ്റായിരിക്കും ഇരകൾക്ക് നഷ്ടപരിഹാരം നൽകുക. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനു പിറകെയാണ് കത്തോലിക്കാ സഭയുടെ തീരുമാനം.

കഴിഞ്ഞ മാസമാണ് സഭയ്ക്കകത്തെ ബാലപീഡന പരമ്പരകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 1950നും 2020നും ഇടയിൽ ലക്ഷക്കണക്കിനു കുട്ടികൾ സഭയ്ക്കകത്ത് പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു സ്വതന്ത്ര കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പുരോഹിതന്മാർ അടക്കം 3,000ത്തോളം പേരെയാണ് കമ്മീഷൻ കുറ്റക്കാരായി കണ്ടെത്തിയത്. സഭയുടെ സ്വത്ത് ഉപയോഗിച്ച് തന്നെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നം ഇടവകയ്ക്കാരിൽനിന്ന് ഇതിനായി സംഭാവന പിരിക്കരുതെന്നും അന്വേഷണ സംഘം നിർദേശിച്ചിരുന്നു.

സഭയ്ക്കകത്തെ ബാലപീഡനത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നതിനു പിറകെയായിരുന്നു രണ്ടര വർഷങ്ങൾക്കുമുൻപ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭ തന്നെയാണ് ഴാങ് മാർക്കിന്റെ അധ്യക്ഷതയിൽ സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ലോകവ്യാപകമായി സഭയെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന പരാതികൾക്കു പിറകെയായിരുന്നു ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡന സംഭവങ്ങൾ പുറത്തെത്തുന്നത്.

നിയമവിദഗ്ധർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹികശാസ്ത്രജ്ഞർ, മതപണ്ഡിതർ അടക്കം 22 പേരാണ് സ്വതന്ത്ര അന്വേഷണ കമ്മീഷനിലുള്ളത്. സഭ, കോടതി, പൊലീസ് രേഖകളും ഇരകളുമായി നടത്തിയ അഭിമുഖങ്ങളും ആധാരമാക്കിയായിരുന്നു അന്വേഷണം. 2,500 പേജുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ പുറത്തുവിട്ടത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News