'ഗസ്സ ആക്രമണത്തിനിടെ 891 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; 38 പേർ ആത്മഹത്യ ചെയ്തു'; കണക്ക് പുറത്തുവിട്ട് ഐഡിഎഫ്
മുൻവർഷങ്ങളെ അപേക്ഷിച്ചു യുദ്ധകാലത്ത് സൈനികർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് ഐഡിഎഫ് വിലയിരുത്തല്‍
തെൽ അവീവ്: ഗസ്സയിലെ ആക്രമണത്തിൽ സൈന്യത്തിലുണ്ടായ ആളപായത്തിന്റെ കണക്ക് പുറത്തുവിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്). 2023 ഒക്ടോബർ മുതൽ ഇതുവരെ 891 സൈനികർ കൊല്ലപ്പെട്ടെന്ന് ഐഡിഎഫ് പറഞ്ഞു. സൈന്യത്തിലെ ആത്മഹത്യാ കണക്കിലും വർധനയുണ്ടായിട്ടുണ്ട്. 38 സൈനികരാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത്.
2023ൽ മാത്രം 558 ഇസ്രായേൽ സൈനികരാണു കൊല്ലപ്പെട്ടത്. 2024ൽ 363 പേർക്കും ജീവൻ നഷ്ടമായി. ആകെ മരണസംഖ്യയിൽ 801 പേരും യുദ്ധത്തിനിടയിലാണു കൊല്ലപ്പെട്ടത്. മറ്റു സംഭവങ്ങളിലായി മരിച്ചവരും ആത്മഹത്യ ചെയ്തവരുമാണു ബാക്കിയുള്ളവർ. 5,500 സൈനികർക്ക് യുദ്ധത്തിൽ പരിക്കേറ്റതായും ഐഡിഎഫ് കണക്കിൽ പറയുന്നു.
ഭൂരിഭാഗം പേരും ഗസ്സയിലാണു കൊല്ലപ്പെട്ടത്. 2023ൽ 329ഉ 2024ൽ 390ഉം ഇസ്രായേൽ സൈനികർക്കാണ് ഗസ്സയിൽ ജീവൻ നഷ്ടപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം ലബനാനിലും വെസ്റ്റ് ബാങ്കിലുമായാണു കൊല്ലപ്പെട്ടത്.
2023ൽ 17 സൈനികരാണു ജീവനൊടുക്കിയത്. 2024ൽ 21 പേരും ആത്മഹത്യ ചെയ്തു. ആകെ മരിച്ചവരിൽ 16 പേർ നിർബന്ധിത സൈനിക സേവനത്തിലുണ്ടായിരുന്നവരാണ്. 21 പേർ റിസർവ് അംഗങ്ങളും ആറുപേർ സ്ഥിരം സൈനികരും.
മുൻ വർഷങ്ങളെ അപേക്ഷിച്ചു യുദ്ധകാലത്ത് സൈനികർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്തിട്ടുണ്ട്. 2022ൽ 14 ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഒറ്റ റിസർവ് സൈനികനുമില്ല. 2000ത്തിനുശേഷം സൈന്യത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് 2005ലാണ്. 36 പേരാണ് അന്നു ജീവനൊടുക്കിയത്. 2013, 2018, 2020 വർഷങ്ങളിൽ മരണസംഖ്യ രണ്ടക്കവും കടന്നിട്ടില്ല.
Summary: Amid Gaza war, 891 soldiers killed, 38 suicides over 2 years: IDF