ജർമനിയിൽ ക്രിസ്ത്യൻ സഭകൾ വിട്ട് ലക്ഷങ്ങൾ; കത്തോലിക്കാ സഭ ഉപേക്ഷിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

സഭ വിട്ടവരിൽ ചിലർ മറ്റ് മതങ്ങളിലേക്കാണ് പോകുന്നത്. മറ്റ് ചിലർ മതവിശ്വാസം പൂർണമായും ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

Update: 2023-07-05 13:50 GMT
Editor : banuisahak | By : Web Desk
Advertising

ജർമനിയിൽ വിവിധ ക്രിസ്ത്യൻ സഭകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജർമ്മൻ കത്തോലിക്കാ സഭയിൽ നിന്നാണ് കൂടുതൽ കൊഴിഞ്ഞുപോക്ക്. 2022 ൽ ജർമ്മൻ കത്തോലിക്കാ സഭയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് പോയതെന്ന് ജർമ്മൻ ബിഷപ്പ് കോൺഫറൻസ് (ഡിബികെ) പറഞ്ഞു. 

2022-ൽ 522,821 ആളുകൾ സഭ വിട്ടുപോയി എന്നാണ് ബോൺ ആസ്ഥാനമായുള്ള ജർമ്മൻ ബിഷപ്പ് കോൺഫറൻസ് റിപ്പോർട്ട്. 2021-ൽ 360,000-നടുത്ത് ആളുകൾ സഭ വിട്ടിരുന്നു. ഈ വീഴ്ചയിൽ നിന്ന് കരകയറാൻ സഭ പാടുപെടുമെന്ന് കാനോൻ അഭിഭാഷകനായ തോമസ് ഷൂല്ലർ പ്രതികരിച്ചു. "പൊതുജനങ്ങൾക്ക് മുന്നിൽ കത്തോലിക്കാ സഭ ഒരു വേദനാജനകമായ മരണമാണ് നേരിടുന്നത്" എന്ന് അദ്ദേഹം ജർമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

2022 ലെ കണക്കുകൾ പ്രകാരം സഭയിൽ 21 ദശലക്ഷം അംഗങ്ങളാണുള്ളത്. ജർമനിയിലെ ജനസംഖ്യയുടെ 24.8% വരുമിത്. കത്തോലിക്കാ സഭ മാത്രമല്ല, മറ്റ് സഭകളുടെ കാര്യവും സമാനരീതിയിൽ തന്നെയാണ്. ഒൻപത് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം വിവിധ സഭകളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. പ്രൊട്ടസ്റ്റ്ന്റ് സഭയിൽ നിന്ന് 3.80 ലക്ഷം പേരാണ് പുറത്തുപോയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ലൈംഗിക പീഡനങ്ങൾ, സഭാ നേതൃത്വം നേരിടുന്ന വിവാദങ്ങൾ, പള്ളികളിൽ നിന്ന് ഈടാക്കുന്ന കരം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, തുടങ്ങി നിരവധി കാരണങ്ങളാണ് സഭ വിടുന്നതിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. വിവാദങ്ങളാൽ വലയുന്ന പ്രൊട്ടസ്റ്റന്റ് സഭയ്ക്കും സമാനമായി, 2022-ൽ 3,80,000 ആളുകളെ നഷ്ടമായി. 

2021ലാണ് കത്തോലിക്കാ സഭ വിട്ടവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയത്. അന്ന് ഒറ്റ വർഷം 3.59 ലക്ഷം പേർ സഭ വിട്ടിരുന്നു. ഇങ്ങനെ സഭ വിട്ടവരിൽ ചിലർ മറ്റ് മതങ്ങളിലേക്കാണ് പോകുന്നത്. മറ്റ് ചിലർ മതവിശ്വാസം പൂർണമായും ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News