ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടിക്ക് തോല്‍വി
മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം
പൊതുതെരഞ്ഞെടുപ്പ് നടന്ന ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടി സി.ഡി.യുവിന് തോല്‍വി. മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം. എസ്പിഡി 206 സീറ്റിലും സിഡിയു 196 സീറ്റിലും വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെയുണ്ടാകും.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ തിങ്കളാഴ്ച രാവിലെയുള്ള പ്രാഥമിക ഫലസൂചനകൾ പ്രകാരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 26 ശതമാനം വോട്ട് നേടിയപ്പോൾ മെർക്കലിന്റെ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് 24.1 ശതമാനം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ എഴുപത് വർഷത്തിനിടെ സി.ഡി.യുവിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 14.8 ശതമാനം വോട്ട് നേടിയ ഗ്രീൻ പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. അന്തിമ തെരഞ്ഞെടുപ്പ് ഫലം ഫെഡറൽ റിട്ടേണിങ് ഓഫീസർ വൈകാതെ പ്രഖ്യാപിക്കും.
ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ചെറുപാർട്ടികളുടെ നിലപാട് ആര് അധികാരത്തിലെത്തണമെന്നതിൽ നിർണായകമാകും. സഖ്യ ചർച്ചകൾ നീളുമെന്നതിനാൽ സർക്കാർ രൂപീകരണം വൈകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ എസ്.ഡി.യുവിനെ തന്നെയായിരിക്കും സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുക.