ഗ്ലാസ്ഗോ; അന്റാർട്ടിക്കയിലെ ഉരുകിത്തീരുന്ന ഹിമപാളിക്ക് പേരിട്ടു
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്കോട്ട്‌ലാന്‍റിലെ ഗ്ലാസ്‌ഗോ നഗരത്തിൽ ആരംഭിച്ച 26ാം കാലാവസ്ഥാ സമ്മേളനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഹിമപാളിക്ക് ഈ പേരിട്ടത്.
അന്റാർട്ടിക്കയിലെ ഗെറ്റ്‌സിൽ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഗ്ലാസ്ഗോ എന്ന് പേരിട്ട് യു.കെയിലെ ലീഡ്‌സ് സർവകലാശാല ഗവേഷകര്‍. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്കോട്ട്‌ലാന്‍റിലെ ഗ്ലാസ്‌ഗോ നഗരത്തിൽ ആരംഭിച്ച 26ാം കാലാവസ്ഥാ സമ്മേളനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഹിമപാളിക്ക് ഈ പേരിട്ടത്.
ഈ പ്രദേശത്തെ മറ്റുഹിമപാളികൾക്ക് റയോ, ക്യോട്ടോ, പാരീസ് എന്നും പേരിടും. ആഗോളതാപനം നിയന്ത്രിക്കുന്നതു സംബന്ധിച്ച പ്രധാന തീരുമാനങ്ങളുണ്ടായ കാലാവസ്ഥാ സമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളാണിവ.
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറിയിൽപ്പെട്ട (ബി.എ.ടി.) പ്രദേശമാണ് ഗെറ്റ്സ്. ഇവിടെ ഹിമപാളികള്‍ അതിവേഗം ഉരുകിയൊലിക്കുകയാണെന്നാണ് ലീഡ്‌സ് ഗവേഷകരുടെ കണ്ടെത്തല്‍. 1994 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ശരാശരി 25 ശതമാനം മഞ്ഞുരുകി കടലിൽ ചേർന്നിരുന്നു. അതായത് 315 ടൺ ഐസാണ് ഉരുകിത്തീർന്നത്. ഇതിന്റെ ഫലമായി ആഗോള സമുദ്രജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.