റഫ കൂട്ടക്കുരുതിക്കെതിരെ ആഗോള പ്രതിഷേധം; ദുരന്തപൂർണമായ അബദ്ധമെന്ന് നെതന്യാഹു, യഥാർഥ ഉത്തരവാദി ബൈഡനെന്ന് ഹമാസ്
ഇസ്രായേല്‍ നടപടി നടുക്കമുണ്ടാക്കുന്നതെന്ന് അമേരിക്കയും കാനഡയും
ദുബൈ: റഫയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടൽ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങൾ കൂടി രംഗത്തുവന്നതോടെ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെട്ടു. ദുരന്തപൂർണമായ അബദ്ധമാണ് അംഭവിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു . ആസൂത്രിത വംശഹത്യയുടെ തുടർച്ച മാത്രമാണിതെന്നും അമേരിക്കൻ പ്രസിഡൻറ് ബൈഡനാണ് കുരുതിയുടെ ഉത്തരവാദിയെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പ്രതികരിച്ചു. സുരക്ഷിത സ്ഥലത്തെ ക്യാമ്പിനു നേരെ പോലും ആക്രമണം നടത്തുന്ന ഇസ്രായേലിനെ നിയന്ത്രിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും അറബ് ലീഗും മുന്നറിയിപ്പ് നൽകി.
റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ ക്യാമ്പുകൾക്ക് സമീപം ആക്രമണം അരുതെന്ന നിയമവും ഇസ്രായേൽ ലംഘിച്ചു. രൂക്ഷമായ ആക്രമണത്തിൽ നിന്ന് രക്ഷതേടി സുരക്ഷിത സഥലത്ത് ടെൻറുകളിൽ കഴിഞ്ഞവരെ പോലും കൊന്നൊടുക്കുന്ന ക്രൂരതയാണ് ഇസ്രായേൽ തുടരുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പറഞ്ഞു. വലിയ നടുക്കം സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് റഫയിൽ നിന്നു പുറത്തുവരുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അന്വേഷണം ഉടൻ പൂർത്തീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയനും കൂട്ടക്കുരുതിയെ അപലപിച്ചു. സ്പെയിൻ, സ്പെയിൻ, നോർവെ, അയർലാൻറ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന പ്രഖ്യാപനം ഇന്ന് നടത്തും. മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഈ ദിശയിലുള്ള നടപടി ത്വരിതമാക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തറിെൻറ മുന്നറിയിപ്പ്. ലബനാനിൽ ഹിസ്ബുല്ല ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയും നിരവധി മിസൈലുകൾ അയച്ചു. ചെങ്കടലിൽ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഹൂത്തികൾ. കപ്പലിനു നേരെ ഹൂതികൾ തൊടുത്തുവിട്ട ഒരു ഡ്രോൺ തകർത്തതായി യു.എസ് സെൻട്രൽ കമാൻറ്.