വസതി കയ്യേറി പ്രതിഷേധം; രാജിവെക്കാമെന്ന് ഗോതബയ രജപക്സെ

പ്രതിഷേധകർ വസതി കൈയേറിയതോടെ ഗോതബയ സ്ഥലം വിട്ടിരിക്കുകയാണ്

Update: 2022-07-09 11:24 GMT
Advertising

ജനങ്ങൾ ഔദ്യോഗിക വസതി കയ്യേറി പ്രതിഷേധിച്ചതോടെ രാജിവെക്കാമെന്ന് ശ്രീലങ്കൻ പ്രസിഡൻറ് ഗോതബയ രജപക്സെ. പ്രതിഷേധകർ വസതി കൈയേറിയതോടെ ഗോതബയ സ്ഥലം വിട്ടിരിക്കുകയാണ്. അദ്ദേഹം രാജ്യം വിട്ടതായും റിപ്പോർട്ടുണ്ട്. സഹോദരൻ മഹിന്ദ രജപക്സെയുടെ രാജിക്കു പിന്നാലെ അടങ്ങിയ ജനകീയ പ്രക്ഷോഭമാണ് മാസങ്ങൾക്കുശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കൊളംബോയിൽ കർഫ്യൂ പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ന് ആയിരങ്ങൾ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്ന് ഇന്നലെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തിൽ കർഫ്യു പ്രഖ്യാപക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.


Full View


മഹിന്ദ രജപക്സെയുടെ രാജിക്കുശേഷം കഴിഞ്ഞ മേയ് 12ന് റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിക്രമസിംഗെ അധികാരമേറ്റത്. എന്നാൽ, ഭരണത്തിലേറി രണ്ടു മാസം പിന്നിടുമ്പോഴും ശ്രീലങ്കയിൽ ജനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്. ഒടുവിൽ, പൊറുതിമുട്ടിയാണ് ജനം പ്രസിഡൻരിന്റെ രാജിക്ക് മുറവിളിയുയർത്തി തെരുവിലിറങ്ങിയിരിക്കുന്നത്.

ഗോതബയയെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ജനങ്ങൾ ഒഴിഞ്ഞിട്ടില്ല. കൊളംബോയിലെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളുമെല്ലാം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗോതബയ രജപക്സെ തീരുമാനിച്ചത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും ഗോതബയ വ്യക്തമാക്കിയിരുന്നു.


Full View


ഗോതബയ രജപക്സെക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയടക്കമുള്ളവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ട്വിറ്ററിൽ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പ്രസിഡൻറ് രാജിവെക്കാനുള്ള മാന്യത കാണിക്കണമെന്നും അദ്ദേഹം കുറിച്ചു. 'ഉപരോധം അവസാനിച്ചു. നിങ്ങളുടെ കോട്ട വീണിരിക്കുന്നു. അരഗലയും ജനശക്തിയും വിജയിച്ചു. ദയവായി ഇപ്പോൾ രാജിവയ്ക്കാനുള്ള മാന്യത ഉണ്ടായിരിക്കുക! #GoHomeGota' സനത് ജയസൂര്യ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആവശ്യപ്പെട്ടു.

'ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം എപ്പോഴും നിൽക്കുക. വൈകാതെ വിജയം ആഘോഷിക്കുകയും ചെയ്യും. ഇത് ഒരു ലംഘനവും കൂടാതെ തുടരണം' നേരത്തെ തെരുവിൽ പ്രതിഷേധകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സഹിതം ജയസൂര്യ ട്വീറ്റ് ചെയ്തു.



ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്സെയാണ് രാജിവെച്ചപ്പോൾ നടത്തിയ പത്രസമ്മേളനത്തിനെതിരെ സനത് ജയസൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു. 'മുൻ മന്ത്രി ബേസിൽ രജപക്‌സെ നടത്തിയ വാർത്താസമ്മേളനത്തിൽ ഞാൻ കടുത്ത നിരാശയിലാണ്. ഇത് ചിരിപ്പിക്കുന്ന കാര്യമല്ല, നമ്മുടെ രാജ്യങ്ങളുടെ ഭാവി നശിച്ചിരിക്കുന്നു, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഈ രാഷ്ട്രീയ നാടകങ്ങൾ നിർത്തൂ. പ്ലീസ് മാൻ അപ്പ്!'' ജയസൂര്യ ട്വിറ്ററിൽ പ്രതികരിച്ചു.

Sri Lankan President Gotabaya Rajapaksa is set to resign after people protested at his official residence.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News