'ഹനിയ്യയുടെ കൊലപാതകം ഇസ്രായേലിന്റെ ഏറ്റവും വലിയ തെറ്റ്, മറുപടി കൊടുക്കാതെ പോകില്ല': ഇറാൻ പ്രസിഡന്റ്
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തിലാണ് ജോർദാൻ വിദേശകാര്യമന്ത്രി ഇറാനിലെത്തുന്നത്
തെഹ്റാന്‍: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്‌മാഈൽ ഹനിയ്യയെ ഇസ്രായേൽ ഭരണകൂടം കൊലപ്പെടുത്തിയത് ഏറ്റവും വലിയ തെറ്റാണെന്നും മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്‍. ഞായറാഴ്ച ഇറാനിലെത്തിയ ജോർദാൻ വിദേശകാര്യ മന്ത്രി അയ്‌മൻ സഫാദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിലാണ് പെസെഷ്കിയാന്‍, ഇസ്രായേലിന് മറുപടി കൊടുക്കുമെന്ന് വ്യക്തമാക്കിയത്. ഹനിയ്യയെ കൊലപ്പെടുത്തിയതിലൂടെ ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും പെസെഷ്‌കിയൻ പറഞ്ഞു. ലോകത്തിലെ എല്ലാ മുസ്‌ലിം രാജ്യങ്ങളും സ്വതന്ത്ര രാജ്യങ്ങളും ഇത്തരം കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുമെന്നാണ് ഇറാന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും വലിയ ശത്രുക്കളും ലംഘകരുമാണ് ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിന് അവര്‍ സാധ്യമായ എല്ലാവിദ്യകളും ഉപയോഗിക്കുകയാണ്''- പെസെഷ്‌കിയൻ വ്യക്തമാക്കി.
അതേസമയം ഹനിയ്യയുടെ കൊലപാതകത്തെ ഞങ്ങളുടെ രാജ്യം അപലപിച്ചിട്ടുണ്ടെന്നും, മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ശ്രമമാണ് ഈ നീക്കമെന്നും ജോർദാൻ ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു. 2015ന് ശേഷം ജോർദാൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഔദ്യോഗിക ഇറാൻ സന്ദർശനമാണിത്. ഇറാന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റിന്, അബ്ദുല്ല രണ്ടാമൻ രാജാവിൽ നിന്ന് സന്ദേശം കൈമാറാനാണ് തന്റെ തെഹ്‌റാൻ സന്ദർശനമെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തിലാണ് ജോർദാൻ വിദേശകാര്യമന്ത്രി ഇറാനിലെത്തുന്നത് എന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് വന്‍ പ്രാധാന്യമാണ് കൈവന്നിരുന്നത്. അതേസമയം മേഖലയിലും അതിനപ്പുറവും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനാണ് തൻ്റെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഇറാൻ പ്രസിഡൻ്റ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
പുതിയ ഇറാനിയൻ പ്രസിഡൻ്റായി പെസെഷ്‌കിയൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിലെത്തിയ ഹനിയ്യയെ കഴിഞ്ഞ ബുധനാഴ്ചയാണ് 'ഇസ്രായേൽ ഭരണകൂടം' കൊലപ്പെടുത്തുന്നത്. ഹനിയ്യയുടെ അംഗരക്ഷനായ വസീം അബു ഷാബാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും നിഷേധിച്ചിട്ടില്ല. എന്നാൽ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്.
അതേസമയം വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനായി ജീവിതംമാറ്റിയൊരു നേതാവിൻ്റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്നത് ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ കടമയാണെന്നായിരുന്നു ആയത്തുല്ല ഖമനയിയുടെ പ്രസ്താവന.