ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചായ കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അതിനൊരു ചന്തമുണ്ട്

ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ അംഗങ്ങള്‍ക്ക് ചായ വിളമ്പുന്ന വളണ്ടിയര്‍മാരുടെ വീഡിയോ ആണ് കൗതുകമായത്

Update: 2022-10-16 10:36 GMT
Advertising

ബീജിങ്ങ്: കേഡര്‍ സ്വഭാവമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖമുദ്ര. അച്ചടക്കമില്ലായ്മയെ വച്ചുപൊറുപ്പിക്കാത്ത ചൈനയില്‍ അതിനിത്തിരി വീര്യം കൂടും. സംഘടനാതലത്തില്‍ മാത്രമല്ല, പാര്‍ട്ടി അംഗങ്ങളെ സല്‍ക്കരിക്കുന്നതില്‍ പോലുമുണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്‍റേതായ ചില ചിട്ടവട്ടങ്ങള്‍. തലസ്ഥാനമായ ബീജിങ്ങില്‍ നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അത്തരമൊരു 'സല്‍ക്കാരം' സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ അംഗങ്ങള്‍ക്ക് ചായ വിളമ്പുന്ന വളണ്ടിയര്‍മാരുടെ വീഡിയോ ആണ് കൌതുകമായത്. നൃത്തം സംവിധാനം ചെയ്തതു പോലെയാണ് ചായ വിളമ്പല്‍. ഒരേ സമയം ഒരേ താളത്തിൽ ഒന്നിച്ച് ചായ വിളമ്പുന്ന 14 പേരുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൗതുകം നിറച്ചിരിക്കുന്നത്. ഒഴിഞ്ഞ ചായകപ്പുകള്‍ നിറക്കുന്നതിനു പകരം ചായക്കപ്പടക്കം മാറ്റുന്ന രീതിയാണ് ഷി ജിൻപിംഗിൻറേത്. പരമ്പരാഗത ചൈനീസ് സംസ്കാരത്തെ പരിചയപ്പെടുത്തുന്നതിനും നയതന്ത്ര അവസരങ്ങളിൽ ചൈനീസ് തത്ത്വചിന്തയെ ചിത്രീകരിക്കുന്നതിനും ചായ ഉപയോഗിക്കാറുണ്ട്.

മൂന്നാം തവണയും നേതൃസ്ഥാനത്തേക്ക് ഷി ജിന്‍പിംഗ് തെരഞ്ഞെടുക്കപ്പെടുമെന്നാണ് നിഗമനം. എങ്കിൽ മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന സ്ഥാനം ഉറപ്പിക്കാന്‍ ഷി ജിന്‍പിംഗിനാകും. ഒക്ടോബര്‍ 22-ന് സമാപിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം 2,300 പ്രതിനിധികള്‍ പങ്കെടുക്കും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News