ഹിസ്ബുല്ലയുടെ തിരിച്ചടി: വിമാന സർവീസുകളെ ബാധിച്ചു, ബീച്ചുകൾ അടച്ചു; നിയന്ത്രണങ്ങളുമായി ഇസ്രായേൽ
തെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഏറെ വൈകി. ബെൻ ഗുറിയോൺ എയർപോർട്ട് താൽക്കാലികമായി അടച്ചിടേണ്ടി വന്നു
ജറുസലേം: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷം രൂക്ഷമായതിന് പിന്നാലെ നിയന്ത്രണങ്ങളേർപ്പെടുത്തി ഇസ്രായേൽ. 48 മണിക്കൂർ അടിയന്തരാവസ്ഥയാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.
ഞായറാഴ്ച രാവിലെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. തങ്ങളെ ആക്രമിക്കാനൊരുങ്ങുന്നുവെന്നാരോപിച്ച് ഇസ്രായേലാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചത്. തൊട്ടുപിന്നാലെ ഹിസ്ബുല്ലയും തിരിച്ചടിച്ചു. ഇതോടെ സംഘര്‍ഷം വ്യാപകമാകുമെന്ന പ്രതീതിയായി. പിന്നാലെയാണ് അടിയന്തരാവസ്ഥവരെ ഇസ്രായേലിന് പ്രഖ്യാപിക്കേണ്ടി വന്നത്.
മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ വധിച്ചതിലുള്ള തിരിച്ചടി എന്ന നിലയ്ക്കാണ് ഇസ്രായേലിനുള്ള നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്.
വ്യോമ മേഖലയിലും ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇതോടെ തെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഏറെ വൈകി. സുരക്ഷാ ആശങ്കകൾ കാരണം ബെൻ ഗുറിയോൺ എയർപോർട്ട് തന്നെ താല്‍ക്കാലികമായി അടച്ചു. ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നുമാണ് ബെൻ ഗുറിയോൺ. എന്നാല്‍ മണിക്കൂറുകളോളം അടച്ചുപൂട്ടിയതിന് പിന്നാലെ ഗുറിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം പിന്നീട് പുനരാരംഭിച്ചതായി ഇസ്രായേൽ വ്യോമയാന അതോറിറ്റി അറിയിച്ചു.
വ്യോമ മേഖലയെ മാത്രമല്ല ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇസ്രായേല്‍ കനത്ത ജാഗ്രതാ നിർദേശം നൽകി. അധിനിവേശ നഗരമായ ഹൈഫയിലെ ബീച്ചുകൾ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തെൽ അവീവ് യൂണിവേഴ്സിറ്റിയടക്കം നിരവധി സർവകലാശാലകൾ പരീക്ഷകൾ മാറ്റി. സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടിയാണ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് എന്നാണ് ഇസ്രായേൽ ചാനലായ, ചാനൽ 12 റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ഞായറാഴ്ച രാവിലെ തന്നെ അടിയന്തര സുരക്ഷാ കാബിനറ്റ് യോഗവും ചേര്‍ന്നു.
ഇന്ന് കൂടേണ്ടിയിരുന്ന പ്രതിവാര സർക്കാർ യോഗം, നിലവിലുള്ള സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് മാറ്റിവെക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്‌ഫോടക ശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തുവെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.
മെറോൺ താവളവും അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങളും ഉൾപ്പെടെ 11 ഇസ്രായേൽ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് ഹിസ്ബുല്ല അറിയിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് വരുന്ന ഹിസ്ബുല്ല റോക്കറ്റ് ലോഞ്ചറുകളെയാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.
അതേസമയം തങ്ങളുടെ വിക്ഷേപണ കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന ഇസ്രായേലിൻ്റെ അവകാശവാദം ഹിസ്ബുല്ല നിഷേധിച്ചു. ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായും അവര്‍ വ്യക്തമാക്കി. ഇസ്രായേൽ അവരുടെ വടക്കന്‍ പ്രദേശങ്ങളില്‍ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിന്റെ ഭാഗമായാണ് നിര്‍ത്തിവെച്ച വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാലും മേഖലയില്‍ ഇപ്പോഴും ജാഗ്രതാ നിര്‍ദേശമുണ്ട്.