ട്രെയിനില്‍ ഹിറ്റ്ലറുടെ പ്രസംഗം; പരിഭ്രാന്തരായി യാത്രക്കാര്‍

ട്രെയിന്‍ ഹൈജാക്ക് ചെയ്യപ്പെട്ടോയെന്ന് ചിലര്‍ ആശങ്കാകുലരായി

Update: 2023-05-16 10:44 GMT
Advertising

വിയന്ന: ട്രെയിന്‍ യാത്രക്കിടെ അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രസംഗവും നാസി മുദ്രവാക്യവും കേട്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ഓസ്ട്രിയയിലാണ് സംഭവം. ബ്രെഗൻസിൽ നിന്ന് വിയന്നയിലേക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഉച്ചഭാഷിണിയിലാണ് ഹിറ്റ്ലറുടെ പ്രസംഗം കേള്‍പ്പിച്ചത്. ഹിറ്റ്ലറുടെ ശബ്ദം കേട്ട് ചിലര്‍ അസ്വസ്ഥരായെന്നും എന്തിനാണ് ട്രെയിനില്‍ ഇതു കേള്‍പ്പിച്ചത് എന്നത് സംബന്ധിച്ച് അധികൃതര്‍ വിശദീകരണം നല്‍കിയില്ലെന്നും യാത്രക്കാര്‍ പറയുന്നു.

"ട്രെയിന്‍ വിയന്നയിൽ എത്തുന്നതിന് 25 മിനിറ്റ് മുന്‍പാണ് സംഭവം. ആദ്യം വിചിത്രമായ സംഗീതവും സംഭാഷണവും ചിരിയുമാണ് കേട്ടത്. പിന്നാലെ ഹിറ്റ്ലറിന്‍റെ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങി. അസ്വസ്ഥപ്പെടുത്തുന്നത്! ഉച്ചഭാഷിണിയില്‍ ഉച്ചത്തില്‍ ആ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് അസ്വസ്ഥത തോന്നി. പക്ഷെ റെയില്‍വെ അധികൃതര്‍ ഒരു വിശദീകരണവും നല്‍കിയില്ല. അവര്‍ അവഗണിച്ചു!"- ഹോഫ്മിസ്റ്റര്‍ എന്ന യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.

ചിലരിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി. മറ്റു ചിലര്‍ മോശം തമാശയായി കണ്ടു. ചിലരാകട്ടെ ട്രെയിന്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണോയെന്ന് ആശങ്കപ്പെട്ടു. എന്തിന് ട്രെയിനില്‍ ഹിറ്റ്ലറുടെ പ്രസംഗം കേള്‍പ്പിച്ചെന്ന് പറയാന്‍ ട്രെയിനിലുണ്ടായിരുന്ന മാധ്യമപ്രവർത്തക കോലെറ്റ് ഷ്മിത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

"ആരോ നിയമവിരുദ്ധമായി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഇന്റർകോം തുറന്ന് ഹിറ്റ്ലറുടെ പ്രസംഗം കേള്‍‌പ്പിച്ചതാണ്"- റെയിൽ ഓപ്പറേറ്റർ വക്താവ് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഓസ്ട്രിയൻ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷിക്കുകയാണെന്നും വക്താവ് പറഞ്ഞു. ട്രെയിനിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഓസ്ട്രിയന്‍ പാർലമെന്‍റ് അംഗം ഡേവിഡ് സ്റ്റോഗ്മുള്ളർ ഞെട്ടല്‍ രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Summary- Passengers on an Austrian train running from Bregenz to Vienna were shocked when they heard a recording of an Adolf Hitler speech play over the train’s loudspeaker system

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News