എത്രയും പെട്ടെന്ന് വേണമെന്ന് ബൈഡൻ, ഒറ്റ മിസൈൽ കൊണ്ട് കാര്യം കഴിഞ്ഞു; ചൈനീസ് ബലൂൺ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ
മൂന്ന് ബസുകളുടെ വലിപ്പമുണ്ടായിരുന്നു യുഎസ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് ബലൂണിന്
വാഷിങ്ടൺ: മൂന്ന് ബസുകളുടെ വലിപ്പമുണ്ടായിരുന്നു യുഎസ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് ബലൂണിന്. ഇതിന് നിരീക്ഷണ ശക്തിയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വഴിതെറ്റിയെത്തിയ ചാരനെ തകർക്കാനുള്ള നീക്കങ്ങൾ യുഎസ് വേഗത്തിലാക്കി. വിജയകരമായി ചാര ബലൂൺ തകർത്തെന്നും തങ്ങളുടെ വ്യോമസേനക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
"ഒരു ജെറ്റിൽ നിന്ന് എന്തോ വന്ന് ബലൂണിൽ തട്ടി. സ്ഫോടനമൊന്നും ഉണ്ടായില്ല. പൊടുന്നനെ ബലൂൺ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു"; ബലൂൺ നശിപ്പിക്കുന്നതിന് സാക്ഷിയായ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ പറയുന്നത് ഇങ്ങനെ. ഉച്ചയ്ക്ക് 2.39ന് എഫ്-22 യുദ്ധവിമാനമാണ് ബലൂണിന് നേരെ വെടിയുതിർത്തത്. (1939 GMT). ഒരൊറ്റ AIM-9X സൂപ്പർസോണിക്, ഹീറ്റ് സീക്കിംഗ്, എയർ ടു എയർ മിസൈൽ കൊണ്ടാണ് ഭീമൻ ബലൂണിനെ നിമിഷങ്ങൾക്കകം നിലംതൊടീച്ചത്.
സിറാക്കൂസിൽ നിന്ന് ക്യാമ്പ് ഡേവിഡിൽ എത്തിയ ശേഷം, "എത്രയും വേഗം" ബലൂൺ താഴെയിടാൻ പെന്റഗണിനോട് ബൈഡൻ ഉത്തരവിട്ടു. ബുധനാഴ്ച ബലൂണിനെ കുറിച്ച് സൂചന നൽകിയപ്പോൾ തന്നെ കഴിയുന്നത്ര വേഗത്തിൽ അത് വെടിവെച്ചിടാൻ ഉത്തരവിട്ടിരുന്നുവെന്ന് ബൈഡനും പറയുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അപകടമൊന്നുമില്ലാത്ത രീതിയിൽ വേണം ഓപറേഷനെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
സൌത്ത് കരോലിന തീരത്ത് വെച്ചാണ് ബലൂണ്‍ വെടിവെച്ചിട്ടത്. മൂന്ന് വിമാനത്താവളങ്ങൾ അടച്ച് നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബലൂണ്‍ അറ്റ്ലാന്‍റിക് സമുദ്രത്തിൽ പതിച്ചത്.
ബലൂണിന്‍റെ അവശിഷ്ടങ്ങൾ വിശകലനത്തിനായി വിർജീനിയയിലെ എഫ്.ബി.ഐ ലാബിലെത്തിക്കും. യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനവും ഇതേ തുടർന്ന് മാറ്റിവെച്ചിരുന്നു. ബലൂൺ വെടിവച്ചിടുന്നത് യു.എസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവെക്കുകയായിരുന്നു.