മോദിയുടെ യു.എസ് സന്ദർശനത്തിന് രണ്ടു ദിവസം മുമ്പ് വാഷിങ്ടണിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കും
ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്.
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് രണ്ടു ദിവസം മുമ്പ് ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി വാഷിങ്ടണിൽ പ്രദർശിപ്പിക്കും. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്.
ജൂൺ 20-നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം 22-നാണ് മോദി യു.എസിലെത്തുന്നത്. നയതന്ത്രജ്ഞർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ഡോക്യുമെന്ററി കാണുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.
'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ഡോക്യുമെന്ററി 2002-ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണ്. എന്നാൽ മോദിയും ബി.ജെ.പിയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ഇന്ത്യക്കെതിരായ വിദേശ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച കേന്ദ്രസർക്കാർ ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിരോധിച്ചിരുന്നു.
ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ 2023 ഫെബ്രുവരിയിൽ ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിദേശനാണ്യ വിനിമയ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഏപ്രിലിൽ ബി.ബി.സിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത് പ്രതികാരനടപടിയല്ലെന്നും നിയമപരമായ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.