'ജനാധിപത്യത്തിനായി ഞാനാ ബുള്ളറ്റ് ഏറ്റുവാങ്ങി'; വധശ്രമത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ട്രംപ്
കഴിഞ്ഞയാഴ്ച പെൻസിൽവാനിയയിലെ ബട്ലർ ഏരിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്
ഗ്രാൻഡ് റാപ്പിഡ്സ്: വധശ്രമത്തിന് പിന്നാലെ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച ഞാൻ ജനാധിപത്യത്തിനായി ഒരു ബുള്ളറ്റ് ഏറ്റുവാങ്ങിയെന്ന് ട്രംപ് പറഞ്ഞു. വെടിയേറ്റതിന് ശേഷം ആദ്യമായി പങ്കെടുത്ത റാലിയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞു.'ഞാനൊരു തീവ്രവാദിയല്ലെന്നും റിപ്പബ്ലിക്കൻ മിഷിഗണിലെ സ്വിംഗ് സ്റ്റേറ്റിലെ റാലിയിൽ അദ്ദേഹം പറഞ്ഞു.
'ജനാധിപത്യത്തിനെതിരെ ഞാൻ എന്താണ് ചെയ്തത്?' ജനാധിപത്യത്തിന് ഞാൻ ഭീഷണിയല്ലെന്നും ട്രംപ് വ്യക്തമാക്കി. വധശ്രമം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം തന്നെ കാണാൻ വന്ന ആയിരക്കണക്കിന് ആളുകൾക്ക് ട്രംപ് നന്ദി അറിയിച്ചു.
'ദൈവത്തിന്റെ കൃപയാൽ മാത്രമാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്,' ദൈവിക ഇടപെടൽ വധ ശ്രമത്തിൽ നിന്ന് തന്നെ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിനന് പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
'അവരുടെ സ്ഥാനാർത്ഥി ആരാണെന്ന് അവർക്ക് അറിയില്ല... ഒരിക്കൽ ഈ മനുഷ്യൻ പോയി വോട്ട് പിടിച്ചു. ഇന്ന് അയാളെ എടുത്തുകളായാനാണ് അവർ ആഗ്രഹിക്കുന്നത്. അതാണ് ജനാധിപത്യം...' ബൈഡനെ പരിഹസിച്ച് ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച പെൻസിൽവാനിയയിലെ ബട്ലർ ഏരിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. വെടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തുളച്ചു കയറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനായ അക്രമിയെ വെടിവെച്ചുവീഴ്ത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് വൈകാതെ ആശുപത്രി വിട്ടു.
അതിനിടെ കഴിഞ്ഞദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. ലാസ് വേഗസിൽ യുണിഡോസ്‌യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും ബൈഡൻ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. താൻ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാവുമെന്നും ബൈഡൻ വ്യക്തമാക്കി.