കഠിനാധ്വാനികളും നൈപുണ്യമുള്ളവരും; ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ വിമുഖതയുണ്ടായിരുന്ന തായ്‍വാന്‍റെ പ്രധാന നയംമാറ്റമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2024-02-17 03:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബാങ്കോക്ക്: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങളുമായി തായ്‍വാന്‍. തായ്‌വാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് തായ്‌വാനും ഇന്ത്യയും വെള്ളിയാഴ്ച സുപ്രധാന കരാറിൽ ഒപ്പുവച്ചു.നിലവില്‍ നിർമാണം,കൃഷി തുടങ്ങിയ മേഖലകളില്‍ തായ്‍വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ വിമുഖതയുണ്ടായിരുന്ന തായ്‍വാന്‍റെ പ്രധാന നയംമാറ്റമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ തായ്‌പേയ് അസോസിയേഷൻ്റെ ഡയറക്ടർ ജനറൽ മൻഹർസിൻഹ് ലക്ഷ്മൺഭായ് യാദവും ന്യൂഡൽഹിയിലെ തായ്‌പേയ് ഇക്കണോമിക് ആൻ്റ് കൾച്ചറൽ സെൻ്റർ മേധാവി ബൗഷുവാൻ ഗെറും വെര്‍ച്വല്‍ വഴിയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഉഭയകക്ഷി തൊഴിൽ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനായി തായ്‌വാനും ഇന്ത്യയും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി തായ്‌വാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെയായിരിക്കും തായ്‍വാന്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഫലം മികച്ചതാണെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. ഇന്ത്യക്കാർക്ക് തൊഴിൽ നൽകാനാകുന്ന വ്യവസായങ്ങൾ, തൊഴിലവസരങ്ങളുടെ എണ്ണം, കുടിയേറ്റ തൊഴിലാളികൾക്കുള്ള ഇന്ത്യയിലെ ഉറവിട മേഖലകൾ, യോഗ്യതകൾ തുടങ്ങിയ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും പ്രവർത്തന തലത്തിലുള്ള മീറ്റിംഗുകൾ എത്രയും വേഗം വിളിക്കുന്നതിനുമുള്ള തുടർചർച്ചകൾ ഇരുപക്ഷവും നടത്തും.

കരാറനുസരിച്ച് തായ്‍വാന്‍റെ ആവശ്യങ്ങൾക്കനുസൃതമായി ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യും. കൂടാതെ തൊഴിൽ ഇരുവിഭാഗങ്ങളുടെയും നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിരിക്കും.വ്യവസ്ഥാപിത നിയമം അനുസരിച്ച് അവലോകനത്തിനായി ധാരണാപത്രം ലെജിസ്ലേറ്റീവ് യുവാന് സമർപ്പിക്കുമെന്നും കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ എത്രയും വേഗം ഇന്ത്യൻ പക്ഷവുമായി ഒരു വർക്കിംഗ് ലെവൽ മീറ്റിംഗ് നടത്തുമെന്നും തായ്‌വാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

പ്രായമായവരുടെ ജനസംഖ്യ കൂടുന്നതും കുറഞ്ഞ ജനനനിരക്കും തായ്‌വാനെ ബാധിക്കുന്നുണ്ടെന്നും അതിനാലാണ് കുടിയേറ്റ തൊഴിലാളികളെ നോക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 2025-ഓടെ, തായ്‌വാൻ ഒരു 'സൂപ്പർ-ഏജ്ഡ്' സമൂഹമായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്.2025ഓടെ പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരും.നിര്‍മാണം,കൃഷി,മറ്റ് വ്യവസായങ്ങള്‍ എന്നീ മേഖലകളിലെ തൊഴിലാളി ക്ഷാമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

പ്രധാനമായും വിയറ്റ്‍നാം,ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്,തായ്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഏകദേശം ഏഴ് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ തായ്‍വാനില്‍ ജോലി ചെയ്യുന്നുണ്ട്. നിര്‍മാണം,പരിചരണം തുടങ്ങിയ മേഖലകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇന്ത്യൻ തൊഴിലാളികൾ സ്ഥിരതയുള്ളവരും കഠിനാധ്വാനികളും ദീര്‍ഘ വീഷണമുള്ളവരുമാണെന്ന് തായ്‍വാന്‍ തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ തായ്‌വാൻ നേരത്തെ നിഷേധിച്ചിരുന്നു. തായ്‍വാനില്‍ തൊഴിലില്ലായ്മ നിരക്ക് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ജർമ്മനി, ഇറ്റലി, ഫ്രാൻസ്,സിംഗപ്പൂര്‍,മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഏതു കടുത്ത സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇന്ത്യന്‍ തൊഴിലാളികളെന്നാണ് വിദേശരാജ്യങ്ങള്‍ പറയുന്നത്. 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രായേലിലെ നിര്‍മാണം, നഴ്സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യയും ഇസ്രായേലും ഒപ്പുവെച്ചത്.തൊഴിൽ ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ ജീവനക്കാരെ ആകർഷിക്കുന്നതിനുള്ള വഴികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്യുന്നുണ്ടെന്ന് ഡൽഹിയിലെ റഷ്യൻ അംബാസഡർ ഡെനിസ് എയിൽപോവ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News