പാകിസ്താനിലെ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചനിലയിൽ
ആത്മഹത്യയെന്ന് നിഗമനം


ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചനിലയിൽ. കറാച്ചിയിലെ മാലിർ പ്രദേശത്തെ ജയിലിലാണ് 52 കാരനായ ഗൗരവ് റാം ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് ജയിൽ സൂപ്രണ്ട് അർഷാദ് ഹുസൈൻ പറഞ്ഞു. ആത്മഹത്യയാണെന്നാണ് നിഗമനം.
പാകിസ്താൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മൽസ്യബന്ധനം നടത്തിയതിനാണ് ഗൗരവ് റാം കറാച്ചിയിൽ ജയിലിൽ കഴിയുന്നത്. 2022 ഫെബ്രുവരിയിലാണ് ഡോക്സ് പോലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി അവസാനം വെസ്റ്റ് കറാച്ചി മജിസ്‌ട്രേറ്റ് ഗൗരവിനെ ജയിലിൽ അടക്കുകയായിരുന്നു.
ഇത്തരത്തിൽ പിടിക്കപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാർപ്പിച്ച ബാരിക്കിലാണ് ഗൗരവ് റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ബാത്‌റൂമിൽ പോയ ഗൗരവ് മടങ്ങിവരാത്തതിനെ തുടർന്നാണ് അധികൃതർ അന്വേഷിച്ചത്. തടവുകാരനെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ പുലർച്ചെ 2:20 ന് മരിച്ചതായി പ്രഖ്യാപിച്ചുവെന്ന് അർഷാദ് ഹുസൈൻ പറഞ്ഞു. മജിസ്‌ട്രേറ്റ് ഇൻക്വസ്റ്റ് നടത്തി. മറ്റു നടപടി ക്രമങ്ങളും ഉത്തരവുകളും പൂർത്തിയാകുന്നത് വരെ മൃതദേഹം സൊഹ്‌റാബ് ഗോത്തിലെ ഈദി ഫൗണ്ടേഷന്റെ കോൾഡ് സ്റ്റോറേജ് സൂക്ഷിച്ചിരിക്കുകയാണ്.
ചില സ്ഥലങ്ങളിൽ സമുദ്രാതിർത്തി അടയാളപ്പെടുത്താത്തതും, പല ബോട്ടുകൾക്കും കൃത്യമായ സ്ഥാനം നിർണയിക്കാനുള്ള സാങ്കേതികവിദ്യ ഇല്ലാത്തതും മൂലം പല മത്സ്യത്തൊഴിലാളികളും അനധികൃത മത്സ്യബന്ധനത്തിന് പിടിയിലാകാറുണ്ട്. കഴിഞ്ഞ മാസം ഇങ്ങനെ പിടിയിലായ 22 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ വെച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറിയിരുന്നു.