വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ ഇന്ത്യൻ വംശജൻ പിടിയിൽ
അപകടം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസിലുണ്ടായിരുന്നു
വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെയാണ് വൈറ്റ് ഹൈസിന് സമീപത്തെ ബാരിക്കേഡുകൾക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. 19 കാരനായ സായ് വർഷിത് കണ്ടുലയാണ് അറസ്റ്റിലായത്.
സെന്റ് ലൂയിസിന്റെ പ്രാന്തപ്രദേശമായ മിസൗറിയിലെ ചെസ്റ്റർഫീൽഡിലാണ് ഇദ്ദേഹം താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പ്രസിഡന്റ് ജോ ബൈഡനെ അപായപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.ഇയാളുടെ ട്രക്കിൽ നാസി പതാകയും കണ്ടെടുത്തായി പൊലീസ് പറയുന്നു.
മനപ്പൂർവം പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ കൊലപ്പെടുത്തുക,തട്ടിക്കൊണ്ടുപോകുക,ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ,അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം,അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ട്രക്ക് ഇടിച്ചുകയറ്റുന്ന സമയത്ത് ജോ ബൈഡൻ വൈറ്റ് ഹൗസിലായിരുന്നുവെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.