തടവുകാരെ കുത്തിനിറച്ച ഇന്തോനേഷ്യൻ ജയിലിൽ തീപിടിത്തം; 41 പേർ കൊല്ലപ്പെട്ടു

അടച്ചിട്ട സെല്ലുകളിലായതിനാൽ മരണസംഖ്യ വർധിച്ചു

Update: 2021-09-08 13:46 GMT
Advertising

ജക്കാർത്ത: തടവുകാരെ കുത്തിനിറച്ച ഇന്തോനേഷ്യൻ ജയിലിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചേ തടവുകാർ ഉറങ്ങുമ്പോഴാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. തലസ്ഥാന നഗരിയായ ജക്കാർത്തക്ക് സമീപം തെൻഗരാംഗ് ജയിലിലാണ് സംഭവം നടന്നത്. അടച്ചിട്ട സെല്ലുകളിലായതിനാലാണ് മരണസംഖ്യ വർധിച്ചത്.

40 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടുവെന്നും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയുമാണ് മരിച്ചതെന്നും നീതികാര്യ മന്ത്രി യാസൊന്ന ലാഓലി അറിയിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കുണ്ടെന്നും 31 പേർക്ക് നിസാര പരിക്കാണുള്ളതെന്നും മന്ത്രി അറിയിച്ചു.

72 പേർക്ക് പരിക്കേറ്റെന്ന് നേരത്തെ ജക്കാർത്ത പൊലീസ് മേധാവി ഫാദിൽ ഇമ്രാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട നിരവധി തടവുകാരെ താമസിപ്പിച്ചിരുന്ന ബ്ലോക്കിൽ പുലർച്ചെ മൂന്നിന് അഗ്നി ശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണച്ചു. അനവധി ഇരകളെ രക്ഷപ്പെടുത്തി. തീ പിടിച്ച് ബ്ലോക്കിന്റെ മേൽക്കൂര തകരുന്ന വീഡിയോ നീതികാര്യ മന്ത്രാലയ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്.

മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചറിയൽ രേഖകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ പൊലീസ് വക്താവ് റുഷ്ദി ഹർതോനോ അറിയിച്ചു.

ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 1972 ലാണ് അവസാനമായി ജയിലിലെ വൈദ്യുതി സംവിധാനം നവീകരിച്ചത്. 40 വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

തീപിടിച്ച് പൊലീസുകരെത്തുമ്പോഴേക്ക് നിരവധി പേർ മരിച്ചിരുന്നു. മരണപ്പെട്ടവരിൽ രണ്ടു വിദേശികളുമുണ്ട്. ഒരാൾ സൗത്ത് ആഫ്രിക്കൻ പൗരനും മറ്റേയാൾ പോർച്ചുഗീസുകാരനുമാണ്.

ഇരകളിൽ ഒരാൾ തീവ്രവാദ കേസിലും മറ്റൊരാൾ കൊലപാതക കേസിലും ശിക്ഷിക്കപ്പെട്ടതാണ്.

40 പേരെ ഉൾക്കൊള്ളാനാകുന്ന ബ്ലോക്കിൽ 120 പേരെയാണ് താമസിപ്പിച്ചിരുന്നതെന്ന് ജയിൽ വകുപ്പ് വക്താവ് റികാ അപ്രിയാൻറി മാധ്യങ്ങളോട് പറഞ്ഞു. ജയിലിൽ മൊത്ത 2000 പേരാണുള്ളത്. മൊത്തം ശേഷിയുടെ മൂന്നു മടങ്ങിലേറെയാണിത്. ഇന്തോനേഷ്യൻ ജയിലുകളിലെല്ലാം ഇതാണ് അവസ്ഥ. എല്ലായിടത്തുമായി 2,70,000 തടവുകാരുണ്ട്. ജയിൽച്ചാട്ടം നിത്യസംഭവമാണ്.

2019 ൽ സുമാത്രക്ക് സമീപമുള്ള റിയാവു പ്രവിശ്യയിൽ നിന്ന് 100 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തീപിടിത്തത്തെയും കലാപത്തെയും തുടർന്നായിരുന്നു സംഭവം.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് പശ്ചാത്തലത്തിൽ 29,000 തടവുകാരെ ഇന്തോനേഷ്യ വിട്ടയച്ചിരുന്നു. ശുചീകരണ സംവിധാനങ്ങളിലെ അപര്യാപ്തതയായിരുന്നു പ്രധാന കാരണം. 270 മില്ല്യൺ ജനസംഖ്യയുള്ള ഈ രാജ്യത്ത് അഗ്നി രക്ഷാ മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ല.

2019ൽ വടക്കൻ സുമാത്രയിൽ തീപ്പെട്ടി കമ്പനിക്ക് തീപിടിച്ച് കുട്ടികളടക്കം 30 പേർ മരണപ്പെട്ടിരുന്നു. ഒരു ജോലിക്കാരൻ സഫോടക വസ്തുക്കളിൽ അബദ്ധവശാൽ ലൈറ്റർ ഇട്ടതിനെ തുടർന്നായിരുന്നിത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News