'യേശുവിനെ കാണാൻ' കാട്ടിൽ പട്ടിണി കിടന്ന സംഭവം: മരിച്ചവരിൽ കുട്ടികളും, ചിലരെ ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്‌ക്രോസിന്റെ റിപ്പോർട്ട്

Update: 2023-05-02 13:35 GMT
Advertising

നെയ്‌റോബി: കെനിയയിൽ പാസ്റ്ററുടെ വാക്കുകേട്ട് കാട്ടിൽ പട്ടിണി കിടന്ന് മരിച്ചവരിൽ കുട്ടികളും. 2-10 വയസ്സിനിടയിൽ പ്രായമുള്ള ഒമ്പത് കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതായി ചീഫ് ഗവൺമെന്റ് പതോളജിസ്റ്റ് ജൊഹാൻസൺ ഓഡർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ രണ്ടു പേരിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 110 പേരുടെ മൃതദേഹങ്ങളാണ് കിലിഫി കൗണ്ടിയിലെ ഷാകഹോല വനത്തിൽ നിന്ന് ലഭിച്ചത്. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിൽ സംബന്ധിക്കുന്നവരാണെല്ലാം. പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന പള്ളിയിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ടാണ് വിശ്വാസികൾ വനത്തിനുള്ളിൽ പ്രവേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്‌ക്രോസിന്റെ റിപ്പോർട്ട്. ഇതിൽ 44 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്.

രക്ഷപെട്ടവരിൽ എട്ടു പേർ പിന്നീട് മരിച്ചു. അധികൃതർ കണ്ടെത്തുമ്പോൾ പട്ടിണി കിടന്ന് എല്ലും തോലുമായ നിലയിലായിരുന്നു ഭൂരിഭാഗം പേരും. പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങളുടെ വയറ്റിലും ഭക്ഷണത്തിന്റെ അംശമൊന്നും കണ്ടെത്താനായില്ല.

സംഭവത്തിന് പിന്നാലെ മക്കെൻസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിശ്വാസികൾ എത്തിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആരാധനാലയം നാലു വർഷം മുമ്പ് തന്നെ അടച്ചുപൂട്ടിയിരുന്നുവെന്നുമായിരുന്നു ഇയാളുടെ വാദം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News