ഹെലികോപ്ടര്‍ അപകടം ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
കനത്തമഴയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി
തബ്‍രീസ്: ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്റാഹീം റഈസിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമടക്കമുള്ളവരുടെ മൃതദേഹങ്ങളെല്ലാം കണ്ടെടുത്തു. ഇന്ന് രാവിലെയാണ് ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റു ഏഴുയാത്രക്കാരടക്കം എല്ലാവരും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.
അസർബൈജാനിലെ അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്ത ശേഷം ഇന്നലെയാണ് ഇബ്റാഹീം റഈസിയും സംഘവും ഇറാനിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി ലാൻഡ് ചെയ്തു. വൈകുന്നേരത്തോടെയാണ് റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടതായി ഇറാൻ വാർത്ത ഏജൻസികൾ അറിയിച്ചത്. അസർബൈജാൻ അതിർത്തിയിലെ തബ്‍രീസ് നഗരത്തിനടുത്തായിരുന്നു അപകടം.
ഇറാന്റെ ഔദ്യോഗിക രക്ഷാസംഘങ്ങൾക്കൊപ്പം ഇറാൻ റെഡ്ക്രസന്റ് അടക്കമുള്ളവർ തെരച്ചിൽ തുടങ്ങിയെങ്കിലും അപകടസ്ഥലം കണ്ടെത്താനായില്ല. കനത്തമഴയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.അർധരാത്രിയിലും പ്രസിഡന്റിന്റെ ജീവനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടന്നു.ഇറാൻ വിവിധ രാജ്യങ്ങളോട് സഹായം തേടി. തുർക്കിയും റഷ്യയും സഹായത്തിനെത്തി. ഒടുവിൽ 14 മണിക്കൂറോളം കഴിഞ്ഞ് ഇന്ന് രാവിലെയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായത്. തുർക്കിയുടെ ഡ്രോൺ സംഘം നൽകിയ വിവരമാണ് നിർണായകമായത്.
ഹെലികോപ്ടർ കണ്ടെടുക്കുമ്പോൾ പൂർണമായും നശിച്ചിരുന്നു. മൃതദേഹങ്ങളും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കിഴക്കൻ അലർബൈജൻ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി ഹാശിം എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.