ബന്ദികളുടെ കൈമാറ്റ കരാർ ഇസ്രായേൽ അംഗീകരിച്ചതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി
ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്
ഗസ്സസിറ്റി: ബന്ദികളുടെ കൈമാറ്റ കരാർ ഇസ്രായേൽ അംഗീകരിച്ചതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്. ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കൾ ചർച്ച നടത്തുകയാണ്. ഇസ്ലാമിക് ജിഹാദിന്റെ സിയാദ് അൽ നഖാലയും ഹമാസിന്റെ ഇസ്മാഈൽ ഹനിയ്യയും തമ്മിലാണ് ചർച്ച നടത്തുന്നത്.
ഖത്തറിന്റെ മധ്യസ്ഥയിൽ നടത്തിയ ചർച്ചകൾ അതിന്റെ പൂർണതയിലേക്കെത്തുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള 70 ഓളം ബന്ധികളെ കൈമാറുകയും ഇതിന് പകരമായി അഞ്ചു ദിവസത്തെ പൂർണമായ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള നിർദേശമാണ് ഖത്തർ മുന്നോട്ടുവെച്ചത്. ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഗസ്സ നിവാസികൾക്ക് താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ വലിയൊരു സ്വാന്തനമായി മാറും.
ഇസ്‌ലാമിക് ജിഹാദിന്റെ കൈയിൽ 30-35 വരെ ബന്ധികളാണുള്ളത്. ഹമാസിന്റെ കൈയിൽ 210ലധികം ബന്ധികളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരിലെ സ്ത്രീകളെയും കുട്ടികളെയുമാണ് വിട്ടയക്കുക. ഇതിൽ തന്നെ സൈനികരെയോ ഇസ്രായേലികളെയോ വിട്ടയക്കാൻ സാധ്യതയില്ല. ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ കരാറിന് അനുകൂലമായ തീരുമാനമായിരിക്കും ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാവുക.