ഹമാസ് ആക്രമണം: മാനസികാരോഗ്യ വിദഗ്ധരെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ

ഒക്ടോബർ ഏഴിന് ഹമാസ് ആരംഭിച്ച മിന്നലാക്രമണത്തിൽ സൈനികർ ഉൾപ്പെടെ 1,400 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്

Update: 2023-10-24 08:55 GMT
Editor : Shaheer | By : Web Desk
Advertising

തെൽ അവീവ്: യുദ്ധക്കെടുതികളിൽ മാനസിക സംഘർഷം നേരിടുന്നവരുടെ പരിചരണത്തിനു നടപടികളുമായി ഇസ്രായേൽ. മാനസികാരോഗ്യ വിദഗ്ധരെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യാൻ ആലോചിക്കുന്നതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിന്റെ മാനസികാഘാതത്തിൽനിന്നു മുക്തരാകാത്ത പൗരന്മാർക്കായി മാനസിക പരിചരണ സംഗമം സംഘടിപ്പിക്കുമെന്നാണു പ്രഖ്യാപനം.

ആയിരക്കണക്കിന് മാനസികാരോഗ്യ വിദഗ്ധരുടെ ആവശ്യമുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യുദ്ധരംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്നവരോടുൾപ്പെടെ ഇതിലേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ സംഘങ്ങളിലുമായിരിക്കും ഇവരെ നിയമിക്കുക. വേതനവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം നൽകുമെന്നും ഇസ്രായേൽ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ പുതിയ അക്കാദമിക വർഷാരംഭം നീട്ടിയിട്ടുണ്ട്. ഡിസംബറിലേക്കാണ് നീട്ടിവച്ചിട്ടുള്ളത്. സർവകലാശാലാ തലവന്മാരുടെ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന്റെ ഭീതിക്കു പുറമെ വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയൊരു ശതമാനം നിർബന്ധിതസേവനത്തിന്റെ ഭാഗമായി സൈന്യത്തിൽ പ്രവേശിച്ചിരിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി. പുതിയ സെമസ്റ്റർ ആരംഭിക്കുന്നതിനു രണ്ട് ആഴ്ചമുൻപ് വിവരം അറിയിക്കുമെന്നും സമിതി അറിയിച്ചു.

ഒക്ടോബർ ഏഴിന് ഹമാസ് ആരംഭിച്ച മിന്നലാക്രമണത്തിൽ സൈനികർ ഉൾപ്പെടെ 1,400 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. അതേസമയം, ഗസ്സയ്ക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 5,087 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 2,000ത്തിലേറെ പേരും കുട്ടികളാണ്.

അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെൽ അവീവിലെത്തിയിട്ടുണ്ട്. ഇസ്രായേലിന് ഐക്യദാർഢ്യവുമായാണു സന്ദർശനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റാമല്ലയിലെത്തി ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.

Summary: Israel Health Ministry in recruiting drive to address ‘mass casualty mental health event’ amid war

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News