ഫലസ്തീൻ അനുകൂല നയം: അയർലൻഡിലെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ
ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ അയര്‍ലന്‍ഡ്, അന്താരാഷ്ട്ര കോടതിയിലെ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ഹരജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്നു
ഡബ്ലിൻ: അയർലൻഡിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം ഇസ്രായേൽ അടച്ചുപൂട്ടുന്നു. ഐറിഷ് സർക്കാരിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണു നടപടി എന്നാണ് അറിയിച്ചിട്ടുള്ളത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാർ ആണ് ഇക്കാര്യം അറിയിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടെ ഫലസ്തീൻ രാഷ്ട്രത്തിന് അയർലൻഡ് ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നു.
തീവ്ര ഇസ്രായേൽ വിരുദ്ധ നയങ്ങളാണ് അയർലൻഡ് സ്വീകരിക്കുന്നതെന്നാണ് മന്ത്രി ഗിഡിയോൻ ആരോപിച്ചത്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ കഴിഞ്ഞ മേയിൽ തങ്ങളുടെ ഐറിഷ് അംബാസഡറെ ഇസ്രായേൽ തിരിച്ചുവിളിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ഹരജിയിൽ കഴിഞ്ഞയാഴ്ച അയർലൻഡ് കക്ഷി ചേർന്നിരുന്നു. ഇതോടെയാണ് എംബസി അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്നാണു വിവരം.
അയർലൻഡ് എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ മന്ത്രി ഗിഡിയോൻ സാർ വിമർശിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായാണ് അവർ അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയിലെ ഇസ്രായേൽ വിരുദ്ധ നീക്കത്തിന് പിന്തുണ നൽകിയത്. അയർലൻഡിന്റെ ഇസ്രായേലിനെതിരെയുള്ള പ്രവർത്തനങ്ങളും സെമിറ്റിക് വിരുദ്ധ പ്രസ്താവനകളുമെല്ലാം ജൂതരാഷ്ട്രത്തെ പൈശാചികവൽക്കരിക്കുന്നതും നിയമസാധുത ഇല്ലാതാക്കുന്നതുമാണ്. അയർലൻഡിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇതു കാണിക്കുന്നത്. ഇസ്രായേലിനോട് പുലർത്തുന്ന സമീപനം കൂടി കണക്കിലെടുത്താകും ഓരോ രാഷ്ട്രവുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് തങ്ങൾ പ്രാമുഖ്യം നൽകുകയെന്നും ഗിഡിയോൻ സാർ വ്യക്തമാക്കി.
ഇസ്രായേൽ നീക്കം ഖേദകരമാണെന്ന് അയർലൻഡ് പ്രധാനമന്ത്രി സിമോൺ ഹാരിസ് പ്രതികരിച്ചു. അയർലൻഡ് ഇസ്രായേൽ വിരുദ്ധമാണെന്ന വാദം ശക്തമായി നിരാകരിക്കുകയാണ്. തങ്ങൾ സമാധാനവാദികളും മനുഷ്യാവകാശത്തെയും അന്താരാഷ്ട്ര നിയമത്തെയും അനുകൂലിക്കുന്നവരുമാണ്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നാണ് അയർലൻഡിന്റെ നിലപാട്. ഇസ്രായേലും ഫലസ്തീനും സമാധാനത്തോടെയും സുരക്ഷയോടെയും കഴിയണമെന്നും സിമോൺ ഹാരിസ് പറഞ്ഞു.
അതേസമയം, ഇസ്രായേലിലെ എംബസി പൂട്ടാൻ ആലോചനയില്ലെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ അറിയിച്ചു. ഇസ്രായേൽ തീരുമാനം ഖേദകരമാണ്. ആശയവിനിമയത്തിന്റെ നയതന്ത്ര മാർഗങ്ങൾ നിലനിർത്തൽ വളരെ പ്രധാനമാണ്. അന്താരാഷ്ട്ര നിയമ തത്വങ്ങൾക്കനുസരിച്ചാണ് പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഞങ്ങൾ നിലപാടെടുക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. ഗസ്സയിൽ നിരപരാധികളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ല. അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണ്. ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കു നേരെയുള്ള സാമൂഹികശിക്ഷ പോലെയാണിത്. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ഐറിഷ് ഉപപ്രധാനമന്ത്രി പറഞ്ഞു.
2024 മെയ് 28നാണ് ഫലസ്തീൻ രാഷ്ട്രത്തിന് അയർലൻഡ് ഔദ്യോഗികമായ അംഗീകാരം നൽകിയത്. പിന്നാലെ റാമല്ലയിൽ ഐറിഷ് എംബസി തുറക്കുകയും അംബാസഡറെ അയയ്ക്കുകയും ചെയ്തിരുന്നു.
Summary: Israel to close Ireland embassy, alleging 'extreme anti-Israel policies'